ക്വാറിക്കുളത്തില്‍ യുവാവ് അകപ്പെട്ടെന്നു സംശയം, തെരച്ചില്‍ വിഫലം
1415895
Friday, April 12, 2024 1:30 AM IST
കല്ലടിക്കോട്: കോങ്ങാട് ചെറായയിലെ ക്വാറിക്കുളത്തില്‍ യുവാവ് അകപ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേന തെരച്ചില്‍ നടത്തി.
ഇന്നലെ രാവിലെ ക്വാറിക്കു സമീപം ബൈക്കും വെള്ളത്തില്‍ ചെരിപ്പും കണ്ട നാട്ടുകാരാണ് പോലീസിനേയും അഗ്നിരക്ഷാസേനയേയും അറിയിച്ചത്.
വിവരം ലഭിച്ചപ്രകാരം സ്ഥലത്തെത്തിയ കോങ്ങാട് അഗ്നിരക്ഷാനിലയം സ്റ്റേഷന് ഓഫിസര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ഏഴേമുക്കാലോടെ തെരച്ചില്‍ ആരംഭിച്ചു.
വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയിലെ കുളത്തില്‍ എഴുപതടിയോളം താഴ്ചയില്‍ വെള്ളമുണ്ട്.
പാതാളക്കരണ്ടി പോലുള്ള സംവിധാനം ഉപയോഗിച്ചായിരുന്നു തെരച്ചില്‍. മണിക്കൂറുകള്‍ കഴിഞ്ഞും ഫലമുണ്ടാകാതായതോടെ അഗ്നിരക്ഷാസേന സ്കൂബാ ടീമിന്റെ സഹായം തേടുകയും പത്തുമണിയോടെ ഇവര്‍ സ്ഥലത്തെത്തുകയും ചെയ്തു.
പിന്നീട് അഗ്നിരക്ഷാസേനയും സ്കൂബാ ടീമും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കോങ്ങാട് പോലീസും സ്ഥലത്തെത്തിയിരുന്നു. വൈകുന്നേരത്തോടെ ഇന്നലത്തെ തെരച്ചിൽ അവസാനിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നുരാവിലെ തുടരും.