അണ്ണവഴുക്കി
1397289
Monday, March 4, 2024 1:12 AM IST
മംഗലംഡാം: അണ്ണാനും കുരങ്ങനുമൊക്കെ ഏതു മരത്തിലും ഓടികയറാനാകുമെന്നാണ് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ വനാന്തരങ്ങളിൽ ഒരു പ്രത്യേക തരം മരമുണ്ട്.
ഈ മരത്തിന്റെ പേര് തന്നെ അണ്ണ വഴുക്കി മരം എന്നാണ്. അണ്ണാനു പോലും ഈ മരത്തിൽ കയറാൻ കഴിയില്ല. അത്രയ്ക്കും വഴുക്കലാണ് ഇതിന്റെ തടിക്കും കൊമ്പുകൾക്കുമെല്ലാം.
മരത്തിന് വെള്ള നിറമായതിനാൽ മലയിലുണ്ടാകുന്ന ഈ മരം പെട്ടെന്ന് തിരിച്ചറിയാനാകും. മംഗലംഡാമിനടുത്ത് വനത്തിലുള്ള കവിളുപാറ ആദിവാസി കോളനിയിൽ ഇത്തരം അണ്ണ വഴുക്കി മരങ്ങൾ ധാരാളമുണ്ട്. വൻ മരങ്ങളാണ് പലതും.
നായ്ക്കളോ മറ്റു ശത്രുക്കളോ ഓടിച്ചാൽ അണ്ണാന്മാർ ഈ മരത്തിൽ കയറാൻ ശ്രമം നടത്താറില്ലെന്നാണ് കോളനിക്കാർ പറയുന്നത്.
വേനലായാൽ മരത്തിൽ കായ നിറയും. മൂപ്പെത്തിയാൽ കഴിക്കാൻ സ്വാദുള്ളതാണ് ഈ കായ്കളെന്ന് ഫോറസ്റ്റ് വാച്ചറും കോളനിക്കാരനുമായ വെള്ള പറഞ്ഞു. കശുവണ്ടി പരിപ്പിനോളം ഇല്ലെങ്കിലും ഏതാണ്ട് അതേ സ്വാദാണ് കായ്കൾക്ക്. മുരിങ്ങ മരംപ്പോലെ നന്നേ ബലം കുറവാണ് ഇതിന്റെ കൊമ്പുകൾക്കുള്ളത്. ഇതിനാൽ വഴുക്കൽ മറികടന്ന് പൊത്തി പിടിച്ച് കയറിയാൽ തന്നെ കൊമ്പൊടിഞ്ഞ് താഴെയെത്തും.