വിദ്യാർഥികൾക്ക് ആത്മധൈര്യം നൽകി കമ്യൂണിറ്റി സോഷ്യൽ വർക്കർമാർ
1396749
Saturday, March 2, 2024 1:50 AM IST
വടക്കഞ്ചേരി: എസ്എസ്എൽസി പരീക്ഷ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ പഠിച്ച പാഠഭാഗങ്ങൾ അവസാന ദിവസങ്ങളിൽ മനസിൽ ഉറപ്പിക്കുന്ന തിരക്കുകളിലാണ് വിദ്യാർഥികൾ. പേപ്പർ ഒന്ന് മലയാളമാണ് ആദ്യ ദിവസത്തെ പരീക്ഷ. 25ന് സോഷ്യൽ സയൻസ് പരീക്ഷയോടെ മൂന്നാഴ്ച നീളുന്ന പരീക്ഷ അവസാനിക്കും. ചൂടിന്റെ അസ്വസ്ഥതകൾ വല്ലാതെ അലട്ടുന്നുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പരീക്ഷയ്ക്കായി നന്നായി ഒരുങ്ങിയിട്ടുണ്ടെന്ന് ആയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഗൗതംഘോഷും സൂര്യയും പറഞ്ഞു.
സമീപത്തെ ആയക്കാട് ഹയർ സെക്കൻഡറി സ്കൂളിലാണ് ഇവർ പരീക്ഷ എഴുതുന്നത്. അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളാണ് ഈ ഹോസ്റ്റലിലുള്ളത്. അയൽവാസികളായ നാട്ടുകാരും പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ കുട്ടികൾക്ക് ധൈര്യം നല്കാനുണ്ട്. കുട്ടികൾക്ക് ഗ്രേഡുകളിൽ മികച്ചത് തന്നെ കിട്ടണമെന്ന മോഹം അയൽവാസികൾക്കുമുണ്ട്. അതല്ലെങ്കിൽ ഉപരിപഠന സാധ്യത മങ്ങും. മൂല്യനിർണയം അത്ര കർക്കശമല്ലാത്തതിനാൽ എസ്എസ്എൽസി എന്ന കടമ്പ കടക്കൽ പണ്ടത്തേതുപോലെ അത്ര ബുദ്ധിമുട്ടുള്ളതല്ല.
ഫുൾ എ പ്ലസ് നേടുന്നവരാണ് ഇപ്പോൾ മിടുക്കന്മാരും മിടുക്കികളുമാകുക. സ്കൂൾ അധികൃതർക്കും ഇത്തരം കുട്ടികളോടാണ് ഇഷ്ട കൂടുതലും. സ്കൂളിന്റെ സൽപ്പേര് നാടറിയണമെങ്കിൽ ഫുൾ എ പ്ലസ് കിട്ടുന്നവരുടെ എണ്ണം കൂടണം. രക്ഷിതാക്കൾക്കും തന്റെ മകനും മകളും ഫുൾ എ പ്ലസ് നേടണമെന്നു തന്നെയാണ് ആഗ്രഹം.
ആയക്കാട് ഉൾപ്പെടെയുള്ള ജില്ലയിലെ ഒരു ഡസനോളം പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നെല്ലാം കുട്ടികൾ പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. സംശയങ്ങൾ തീർക്കാനും പരീക്ഷപേടി അകറ്റാനും ഇവർക്കൊപ്പം രാവിലേയും വൈകുന്നേരവും ട്യൂഷൻ ടീച്ചർന്മാരുമുണ്ട്. ഇതു കൂടാതെയാണ് ജില്ലാ പട്ടികജാതി ഓഫീസിൽ നിന്നും കമ്യൂണിറ്റി സോഷ്യൽ വർക്കർമാർ കുട്ടികളുടെ പരീക്ഷാപേടി മാറ്റാൻ എത്തുന്നതെന്ന് കമ്യൂണിറ്റി സോഷ്യൽ വർക്കറായ സുജിത് പറഞ്ഞു.
അതിരാവിലെ അഞ്ചു മുതൽ ഇവരുടെ പഠനം ആരംഭിക്കും. പ്രഭാത ജോലികൾ, കുളി, തുണികഴുകൽ, ഭക്ഷണം തുടങ്ങിവയ്ക്കുള്ള സമയമൊഴികെ കൂടുതൽ സമയവും പഠനത്തിനാണ് ഈ ദിവസങ്ങളിൽ ചെലവഴിക്കുന്നത്. രസതന്ത്ര വിഷയമാണ് കുട്ടികൾക്ക് അല്പം കടുപ്പം കൂടുതലുള്ളത്. ചേട്ടൻമാർക്ക് പഠന സൗകര്യങ്ങൾ ഒരുക്കാൻ അനുജന്മാരും ഒപ്പമുണ്ട്. മുൻവർഷങ്ങളിലെല്ലാം നൂറ് ശതമാനം വിജയമാണ് ഹോസ്റ്റലിൽ ഉണ്ടായിട്ടുള്ളത്. അതിന് മാറ്റം ഉണ്ടാകില്ല എന്നതിലുപരി മികച്ച മാർക്കോടെ കുട്ടികൾ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഹോസ്റ്റൽ വാർഡൻ പി.കെ.ബിജു പറഞ്ഞു.