ഇല്ലായ്മയിലും "ദാനധർമം'
1395849
Tuesday, February 27, 2024 6:10 AM IST
മംഗലംഡാം: ഇല്ലായ്മയിലും അയൽ ജില്ലയിലെ ചെക്ക്ഡാമിലേക്കു വെള്ളം ദാനം ചെയ്യുകയാണ് മംഗലംഡാം. "മണ്ണുനിറഞ്ഞ് നികന്ന ചെറിയ ഡാം', "വേനൽ തുടങ്ങും മുമ്പേ വെള്ളം വറ്റും' തുടങ്ങി നിരവധി ദുഷ്പേരുകളുള്ള മംഗലംഡാമിൽ നിന്നാണ് ഇപ്പോൾ തൃശൂർ ജില്ലയിലെ ചീരക്കുഴി ചെക്ക്ഡാമിലേക്കു വെള്ളം വിട്ടിട്ടുള്ളത്.
25 കിലോമീറ്ററുകളിലധികം താണ്ടിവേണം പഴയന്നൂരിനടുത്തുള്ള ചീരക്കുഴി ചെക്ക്ഡാമിൽ വെള്ളം എത്താൻ. ഇന്നലെ രാവിലെയാണ് മംഗലം ഡാമിൽ നിന്നും പുഴ വഴി വെള്ളം വിട്ടിട്ടുള്ളത്. 15 സെന്റീമീറ്ററിൽ വെള്ളം തുറന്നിട്ടുണ്ടെന്നു മംഗലംഡാം അസിസ്റ്റന്റ് എൻജിനീയർ ലെസ്ലി പറഞ്ഞു.
ജില്ലാ കളക്ടർമാരുടെ ഇടപെടലുകളെ തുടർന്നാണ് ഈ ജലദാനം നടപ്പിലാക്കുന്നത്.
പല ഭാഗത്തും പുഴ വറ്റിക്കിടക്കുന്നതിനാൽ വെള്ളം ചീരക്കുഴി ചെക്ക്ഡാമിലെത്താൻ ഏതാനും ദിവസങ്ങൾ എടുക്കും.
പുഴ വഴി വെള്ളം തുറന്നു വിടുന്നതോടെ പുഴയോര പ്രദേശങ്ങളിലെ കിണറുകളിലും മറ്റു ജല സ്രോതസുകളിലും വെള്ളം നിറയാനും സഹായകമാകും.