സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം: 300 സംരംഭങ്ങളുടെ പ്രഖ്യാപനം ഇന്ന്
1395388
Sunday, February 25, 2024 6:29 AM IST
പാലക്കാട് : തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം പദ്ധതിയിൽ 300 സംരംഭങ്ങൾ പ്രാവർത്തികമാക്കിയതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 9.30ന് വട്ടേനാട് ജിഎൽപി സ്കൂളിൽ മന്ത്രി എം.ബി രാജേഷ് നടത്തും.
യോഗത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി .റജീന അധ്യക്ഷയാകും. പരിപാടിയിൽ ഉത്പന്നങ്ങളുടെ പ്രദർശനം, സംരംഭകരുടെ അനുഭവം പങ്കുവെക്കൽ എന്നിവ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് സബ്സിഡിയുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ വിതരണം ചെയ്യും. സംരംഭക കിറ്റ് വിതരണോദ്്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി നിർവഹിക്കും.
മികച്ച സംരംഭകയെ ജില്ലാ പഞ്ചായത്ത് മെന്പർ കമ്മുക്കുട്ടി എടത്തോൾ, ഏറ്റവും കൂടുതൽ സംരംഭം ആരംഭിച്ച സിഡിഎസിനെ ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, ഏറ്റവും കൂടുതൽ സംരംഭകരെ കണ്ടെത്തിയ എംഇസിയെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് പി.വി പ്രിയ എന്നിവർ ആദരിക്കും.
എസ്.വി.ഇ.പി ജില്ലാ പ്രോഗ്രാം മാനേജർ ശ്രീദേവി ശിവദാസൻ റിപ്പോർട്ട് അവതരിപ്പിക്കും.
പരിപാടിയിൽ നാഗലശ്ശേരി, കപ്പൂർ, തൃത്താല, തിരുമിറ്റക്കോട്, പട്ടിത്തറ, ആനക്കര, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി ബാലചന്ദ്രൻ, ഷറഫുദ്ദീൻ കളത്തിൽ, പി.കെ ജയ, ടി. സുഹറ, പി. ബാലൻ, കെ. മുഹമ്മദ്, എ.വി സന്ധ്യ, തൃത്താല കനറാ ബാങ്ക് മാനേജർ ബി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വി. കിരണ്, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാർഡ് മെന്പർ കെ. സിനി എന്നിവർ പങ്കെടുക്കും.