ആശങ്കയിൽ റീട്ടെയിൽ സ്വർണ വില്പന വ്യാപാരികളും സാധാരണക്കാരും
1376395
Thursday, December 7, 2023 1:21 AM IST
വടക്കഞ്ചേരി: പുതിയ റിക്കാർഡുകളിലേയ്ക്ക് സ്വർണ വില ഉയരുമ്പോൾ ആശങ്കയിലാവുകയാണ് റീട്ടെയിൽ സ്വർണാഭരണ വ്യാപാരികൾക്കൊപ്പം സാധാരണക്കാരും.
സ്ത്രീ തന്നെയാണ് ധനം എന്നൊക്കെ പറയാമെങ്കിലും പെൺമക്കളെ ഒരാൾക്കൊപ്പം കെട്ടിച്ചു വിടണമെങ്കിൽ എന്തെങ്കിലുമൊക്കെ സ്വർണാഭരണവും വേണം.
സാധാരണക്കാരന് ചിന്തിക്കാൻ പോലും കഴിയാത്ത ഉയരങ്ങളിലേക്കാണ് പൊന്നുവില പൊങ്ങി പോകുന്നത്. പവന് അര ലക്ഷത്തിനടുത്തെത്തുന്നു.
ഈ അടുത്ത കാലത്തായി സ്വർണത്തിന്റെ റീട്ടയിൽ വില്പന സംസ്ഥാനത്തു തന്നെ 40 ശതമാനം വരെ കുറയുന്ന ഗുരുതര സ്ഥിതി വിശേഷമുണ്ടെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.എം. ജലീൽ പറഞ്ഞു.
വിദേശ പണത്തിന്റെ വരവ് കുറഞ്ഞതും ഇവിടുത്തെ സാമ്പത്തിക ഞെരുക്കങ്ങളുമെല്ലാം വില്പന കുറയാൻ കാരണമായി. ഭാവിയെക്കുറിച്ച് ചിന്തിക്കാതെയുള്ള യുവതലമുറയുടെ അഭിരുചികളിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണ വ്യാപാരത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സ്വർണാഭരണ രംഗത്ത് അരനൂറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള വടക്കഞ്ചേരിയിലെ കെ.എം. ജലീൽ പറയുന്നു.
ഇന്നത്തെ യുവതി യുവാക്കൾക്ക് സ്വർണ ഭ്രമമില്ല.
അഥവാ സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്ന യുവതികൾ ഉൾപ്പെടെയുള്ളവർ ഏറ്റവും തൂക്കം കുറഞ്ഞ നൂലുപോലെ കനം കുറഞ്ഞ സ്വർണ മാലയും മറ്റുമാണ് ധരിക്കാൻ ഇഷ്ടപ്പെടുന്നത്.
പഴമക്കാർ സ്വർണാഭരണത്തെ അഭിമാനമായാണ് കണ്ടിരുന്നതെങ്കിൽ ഇന്നത്തെ തലമുറക്കാർ അതെല്ലാം അപമാനമായാണ് കാണുന്നത്.
നെല്ലറയായ പാലക്കാട്ടെ കർഷക കുടുംബങ്ങളിൽ പോലും നെല്ലിന്റെ രണ്ട് വിളവെടുപ്പ് സീസണിൽ നെല്ലുവിറ്റ് പെൺമക്കളുടെ വിവാഹത്തിനായി കുറച്ചു സ്വർണം വാങ്ങി സൂക്ഷിച്ചിരുന്ന പതിവുണ്ടായിരുന്നു. ഇന്നതില്ല, പണത്തിന് അത്യാവശ്യം വരുമ്പോൾ സ്വർണം പണയപ്പെടുത്തിയോ വിറ്റോ കാര്യം നടത്താമായിരുന്നു.
ഇന്നിപ്പോൾ വീടുകളിൽ കൂടുതലായുള്ളത് കുടുംബാംഗങ്ങളുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെ മൊബൈൽ ഫോണുകളാണ്. മക്കളുടെയും ചെറുമക്കളുടെയും നിർബന്ധങ്ങൾക്ക് വഴങ്ങി വിപണിയിലിറങ്ങുന്ന വിലകൂടിയ മൊബൈൽ ഫോണും ടൂവീലറും മറ്റു വാഹനങ്ങളും വാങ്ങുന്ന ചിന്തകളിലേക്കാണ് കാലം പോകുന്നത്.
സ്വർണമായും മറ്റും ഭാവിയിലേക്ക് എന്തെങ്കിലും കരുതി വയ്ക്കണമെന്ന ദീർഘവീക്ഷണമൊന്നും ഇന്നത്തെ പുതു തലമുറക്കാരിൽ പ്രകടമല്ല.
സ്വർണം വാങ്ങുന്നവർ തന്റെ ആഭരണങ്ങൾ ഒഴിവാക്കി കോയിനും മറ്റും വാങ്ങി സൂക്ഷിക്കുന്നതിനാണ് താത്പര്യം കാട്ടുന്നത്.
മോഷണവും പിടിച്ചുപറിയും സ്വർണ മോഹം കുറയ്ക്കാനുള്ള കാരണമാകുന്നുണ്ട്.
പല സമ്പന്ന വിദേശ രാജ്യങ്ങളിലും നടക്കുന്ന കാർ വില്പനയേക്കാൾ കൂടുതൽ കാർ വില്പ്പന ഈ ചെറിയ സംസ്ഥാനമായ കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് സ്വർണ വില്പന പ്രതിസന്ധിയെക്കുറിച്ച് പരിശോധിക്കുന്നതിലൂടെ അസോസിയേഷന്റെ കണ്ടെത്തലെന്നും കെ.എം. ജലീൽ പറഞ്ഞു.
വലിയ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങളിലെ കുട്ടികൾപോലും ഒരു ലക്ഷം രൂപ വരെ വില വരുന്ന മൊബൈൽ ഫോണും ലക്ഷങ്ങളുടെ വിലയുള്ള ടൂവീലറും വാങ്ങിയാണ് കൂട്ടുകാർക്ക് മുന്നിൽ വിലസുന്നത്.
ഭാവിയെക്കുറിച്ച് ചിന്തിക്കാതെയുള്ള കുട്ടികളുടെ ഇത്തരം ദുർ ചെലവുകൾ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും പണത്തിനു വേണ്ടി യുവ തലമുറയെ അരുതായ്മകളിലേയ്ക്ക് തിരിയാൻ ചിന്തിപ്പിക്കുമെന്നാണ് വിലയിരുത്തൽ.