ചെളിക്കുളമായി വിത്തനശ്ശേരി-അള്ളിച്ചോട് റോഡ്
1338845
Thursday, September 28, 2023 12:06 AM IST
നെന്മാറ: കുടിവെള്ള പൈപ്പിനായി റോഡ് വെട്ടി പൊളിച്ച് മാസങ്ങളായിട്ടും പുനർ നിർമാണം നടത്തിയില്ല. ഇതുമൂലം വിത്തനശ്ശേരി, അള്ളിച്ചോട്, കൊടുവാൾ പാറ റോഡ് ചളിക്കുളമായി.
പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ ഫിൽറ്റർ പ്ലാന്റിൽ നിന്നും എലവഞ്ചേരി, പല്ലാവൂർ ഭാഗങ്ങളിലെ ജലസംഭരണികളിലേയ്ക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിനായി വിത്തനശ്ശേരി അള്ളിച്ചോട് റോഡിന്റെ മധ്യയഭാഗത്തായാണ് ചാലുകീറി രണ്ടടിയിലെറെ വ്യാസമുള്ള കുഴൽ സ്ഥാപിച്ചത്. വാട്ടർ അഥോറിറ്റിയുടെ മേൽനോട്ടത്തിൽ ജലജീവൻ മിഷനു വേണ്ടിയാണ് കുടിവെള്ള വിതരണ കുഴൽ സ്ഥാപിച്ചത്.
പഞ്ചായത്തും ജലനിധി അധികൃതരും പരസ്പരം പഴിചാരുന്നുണ്ടെങ്കിലും ജലവിതരണ കുഴൽ സ്ഥാപിച്ച് നാലുമാസത്തോളമായിട്ടും റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടിയായില്ല.
സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോകാനും സ്കൂൾ ബസുകളും റോഡ് തകരാർ മൂലം ഏറെ ബുദ്ധിമുട്ടുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലും മുൻപ് കുടിവെള്ള പദ്ധതികളുടെ കുഴലുകൾ ഉള്ളതിനാലും വലിപ്പം കൂടിയ കുഴൽ സ്ഥാപിക്കേണ്ടി വന്നതിനാലുമാണ് റോഡിന്റെ മധ്യഭാഗം കുഴിച്ചതെന്നു വാട്ടർ അഥോറിറ്റി അധികൃതർ പറഞ്ഞു.
റോഡിന്റെ പുനർനിർമാണം വൈകുന്നതിൽ പ്രദേശവാസികൾ പഞ്ചായത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.