കെ. ശാന്തകുമാരി എംഎൽഎ ജനങ്ങളെ വെല്ലുവിളിക്കുന്നു: കോണ്ഗ്രസ്
1301231
Friday, June 9, 2023 12:32 AM IST
മണ്ണാർക്കാട്: ചിറക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ് എംഎൽഎ യെന്ന് കാഞ്ഞിരപ്പുഴ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കെ.വി. വിജയദാസ് എംഎൽഎ ആയിരുന്നപ്പോൾ എല്ലാവരെയും വിളിച്ചുചേർത്ത് ഏതുവികസന പ്രവർത്തനത്തിന്റെയും വസ്തുതകൾ വിലയിരുത്താറുണ്ട്.
എന്നാൽ കെ. ശാന്തകുമാരി എംഎൽഎ ഒരു കാര്യവും ആരെയും അറിയിക്കുന്നില്ലെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി. എംഎൽഎ ധിക്കാരപരമായി പെരുമാറുന്നതിന്റെ ഉദാഹരണമാണ് വ്യാപാരികൾക്കെതിരെയുള്ള ആരോപണം. റോഡുപണി തടയാനല്ല റോഡുപണി നടത്താനാണ് വ്യാപാരികൾ കോടതിയിൽ പോയത്. എന്നാൽ വ്യാപാരികൾ കോടതിയിൽ പോയതിനാലാണ് റോഡുപണി മുടങ്ങിയതെന്ന എംഎൽഎയുടെ പ്രസ്താവന മോശമായിപ്പോയെന്നും കോണ്ഗ്രസ് നേതാക്കൾ മണ്ണാർക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാഞ്ഞിരം സെന്ററിൽ റോഡുപണി നടത്താത്തത് കൈയേറ്റക്കാരെയും മാഫിയകളെയും സഹായിക്കാനാണെന്നും കോണ്ഗ്രസ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി. കാഞ്ഞിരപ്പുഴ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ജോയി ജോസഫ്, പടുവിൽ മുഹമ്മദാലി, ഹുസൈൻ, പി. രാജൻ, എം.പി. പ്രിയ, റീന സുബ്രഹ്്മണ്യൻ, ദിവ്യ, സ്മിത ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.