മന്ത്രി കൃഷ്ണൻകുട്ടി തൂണക്കടവിലെത്തി; 400 ക്യുസെക്സ് വെള്ളം പുഴയിലേക്ക്
1300940
Thursday, June 8, 2023 12:26 AM IST
ചിറ്റൂർ: താലൂക്കിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു സ്ഥലം എംഎൽഎയും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ മിന്നൽ ആക്ഷൻ ഫലം കണ്ടു. 400 ക്യുസെക്സ് ജലം ഇന്നലെ ആളിയാറിൽ നിന്നും ചിറ്റൂർ പുഴയിലേക്ക് ഇറക്കി. തിരുവനന്തപുരത്തു നിന്നും വസതിയിലെത്തിയ മന്ത്രിക്ക് താലൂക്ക് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ പരാതിപ്രളയം തന്നെ ലഭിച്ചു. തുടർന്ന് ഇന്നലെ രാവിലെ ആറുമണിയോടെ ചിറ്റൂർ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കിരണ് എബ്രഹാം തോമസ്, മൂലത്തറ ഡാം അസിസ്റ്റൻഡ് എൻജിനീയർ രാജേഷ് എന്നിവരുമായി തൂണക്കടവിലെത്തി. തൂണക്കടവ് സബ് ഡിവിഷണൽ എൻജിനീയർ ജയകുമാർ, ആളിയാർഡാം എക്സിക്യൂട്ടീവ് എൻജിനീയർ മുത്തുസ്വാമി, ആളിയാർ സബ് ഡിവിഷണൽ എൻജിനീയറുമായി കുടിവെള്ള ക്ഷാമത്തെക്കുറിച്ച്
ബോധ്യപ്പെടുത്തി. എന്നാൽ മഴക്കുറവും ഡാമിലെ കുറഞ്ഞ ജലനിരപ്പും ചൂണ്ടി കാണിച്ച് മന്ത്രിയുടെ ആവശ്യം നിരാകരിച്ചു. വെള്ളം ലഭിച്ചില്ലെങ്കിൽ തിരിച്ചുപോവില്ലെന്നും ഇവിടെ തന്നെ സത്യഗ്രഹം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പ്രശ്നം രൂക്ഷമായതോടെ ഡാം അധികൃതർ വിവരം തമിഴ്നാട് ജലസേചന വകുപ്പ് മേധാവികളെ അറിയിച്ചു. ഇതിനെ തുടർന്ന് തമിഴ്നാട് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ ശിവലിംഗവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി പത്തുമിനിറ്റു നേരം നടന്ന ചർച്ചയിൽ സമവായമുണ്ടായി.
കുടിവെള്ള ആവശ്യമെന്നതിനാൽ 400 ക്യുസെക്സ് ജലം അനുവദിച്ചു. ഉടൻ തന്നെ തുണക്കടവിൽ നിന്നും മന്ത്രി ഉൾപ്പെടെ ഇരു സംസ്ഥാന ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുമായി ആളിയാറിലെത്തി. ഡാം വാൾവ് തുറന്ന് 400 ക്യുസെക്സ് ജലം പുഴയിലിറക്കിയ ശേഷമാണ് മന്ത്രിയും ജീവനക്കാരും തിരിച്ചെത്തിയത്. ഇന്ന് ഉച്ചയോടെ മുഴുവൻ ജലവും മൂലത്തറ എത്തുമെന്നു ജലസേചന വകുപ്പ് ജീവനക്കാർ അറിയിച്ചു.