റോഡുകളിൽ കാഴ്ച മറയ്ക്കുന്ന ബോർഡുകൾ ആര് മാറ്റും ?
1300710
Wednesday, June 7, 2023 12:36 AM IST
ഷൊർണൂർ : നിയമ ലംഘനം പിടികൂടാൻ എഐ കാമറകൾ തയാറായെങ്കിലും പൊതുഗതാഗതത്തെ തടസപ്പെടുത്തുന്ന ബോർഡുകൾ മാറ്റാൻ അധികൃതർ താല്പര്യം കാണിക്കുന്നില്ല. രാഷ്ട്രീയ പാർട്ടികളുടേതടക്കം പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകളുടെ എണ്ണം പ്രതിദിനം കൂടി വരികയാണ്.
റോഡുകളിൽ സ്ഥാപിച്ച ഇത്തരത്തിലുള്ള മുഴുവൻ ബോർഡുകളും നീക്കം ചെയ്യാനുള ഉത്തരവ് ഇതുവരേയും നടപ്പാക്കാത്ത അധികൃതരാണ് റോഡുകളിൽ മുഴുവൻ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നത്.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ പാതകൾക്കിരുവശങ്ങളിലുമുള്ള ബോർഡുകൾ, സ്തൂപങ്ങൾ മറ്റ് അനധികൃതപരസ്യ ഉപാധികൾ എന്നിവ നീക്കം ചെയ്യാനായിരുന്നു തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് രേഖാമൂലം നോട്ടീസും നകിയിരുന്നു. സ്വയം നീക്കാത്ത ഇത്തരം പരസ്യ ഉപാധികൾ ബലമായി പൊളിച്ചുനീക്കാനായിരുന്നു വകുപ്പ് തീരുമാനം. എന്നാൽ ജില്ലയിൽ ഒരിടത്തും നോട്ടീസ് നല്കിയതല്ലാതെ ഒരു തുടർ നടപടിയും ഉണ്ടായില്ല.
അനധികൃതമായി സ്ഥാപിച്ച ഇത്തരം പരസ്യ ഉപാധികൾ കാരണം റോഡപകടങ്ങളും ഗതാഗത തടസങ്ങളും പതിവാണെന്ന് കണ്ടെത്തിയായിരുന്നു നടപടിക്ക് നീക്കമുണ്ടായത്.
വിവിധ റോഡുകളുടെ ഓരങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഭൂരിഭാഗം ബോർഡുകളും സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ സ്ഥാപിച്ച എല്ലാ പരസ്യബോർഡുകളും മാറ്റാനാണ് പൊതുമരാമത്തുവകുപ്പിന്റെ ഉത്തരവുണ്ടായതെങ്കിലും ഒരാൾ പോലും അനങ്ങുകയുണ്ടായില്ല. ഉടമസ്ഥർ മാറ്റാത്തപക്ഷം പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി ലേലംചെയ്യനായിരുന്നു അധികൃതരുടെ തീരുമാനം.
ഒറ്റപ്പാലം മേഖലയിൽ ഷൊർണൂർ, ഒറ്റപ്പാലം സെക്ഷൻ ഓഫീസുകൾക്ക് കീഴിലുമുള്ള 40 പാതയോരങ്ങളിലാണ് ഇത്തരത്തിൽ പരിശോധന നടത്തി ബോർഡുകൾ നീക്കം ചെയ്യാൻ നോട്ടീസ് നല്കിയിരുന്നത്.
പാലക്കാട്-കുളപ്പുള്ളി, ഒറ്റപ്പാലം-ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ, ഒറ്റപ്പാലം-മണ്ണാർക്കാട്, അന്പലപ്പാറ-മണ്ണൂർ, ലക്കിടി-മാന്നനൂർ റെയിൽവേ സ്റ്റേഷൻ റോഡുകൾ എന്നിവയുൾപ്പെടെയുള്ള പാതകളിലാണ് പരിശോധന നടത്തി ബോർഡുകൾ മാറ്റാൻ ആദ്യ ഘട്ടത്തിൽ നോട്ടീസ് നല്കിയത്.
പൊളിച്ചുനീക്കുന്ന നടപടികൾക്കായി 50,000 രൂപ ഫണ്ടും വകുപ്പ് അനുവദിച്ചിരുന്നു.
റോഡരികിലുള്ള പരസ്യബോർഡുകൾ വാഹനയാത്രക്കിടെ ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്നെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുന്നെന്നും മോട്ടോർവാഹനവകുപ്പും പൊതുമരാമത്തുവകുപ്പും കണ്ടെത്തിയിരുന്നു.
ഇതൊഴിവാക്കി അപകടം കുറയ്ക്കാനാണ് ബോർഡുകൾ മാറ്റാൻ നടപടി സ്വീകരിച്ചത്. മോട്ടോർവാഹനവകുപ്പ് ഇത്തരം പരസ്യബോർഡുകളുടെ കണക്കെടുത്തിരുന്നെങ്കിലും പൊളിച്ചുനീക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അറിയിപ്പുണ്ടായിരുന്നങ്കിലും ഒന്നുമുണ്ടായില്ല. ഫലത്തിൽ മേൽപ്പറഞ്ഞ ഉത്തരവ് കടലാസ് പുലിയായി എന്നതാണ് സത്യം.