കാഞ്ഞിരപ്പുഴ റോഡ് നവീകരണം വൈകുന്നതിനെതിരെ പ്രതിഷേധം
1300699
Wednesday, June 7, 2023 12:34 AM IST
മണ്ണാർക്കാട്: ചിറക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡ് നവീകരണം ഇഴയുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ-കരാർ ലോബിയെന്ന് ആരോപണം. അറ്റകുറ്റ പണിയുടെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പിനാണ് റോഡ് നവീകരണം വൈകുന്നതിലൂടെ വഴിയൊരുങ്ങുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. എട്ട് കിലോമീറ്റർ റോഡ് നവീകരിക്കാൻ കിഫ്ബിയിൽ നിന്ന് 30 കോടി 26 ലക്ഷം രൂപയാണ് അനുവദിച്ചത്.
2018ൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. പതിനെട്ട് മാസമായിരുന്നു പണി പൂർത്തിയാക്കാനുള്ള കാലാവധി. നാലു വർഷം പിന്നിട്ടിട്ടും എട്ട് കിലോമീറ്റർ റോഡ് നവീകരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ രണ്ടു തവണയാണ് അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചത്. കഴിഞ്ഞ വർഷം 25 ലക്ഷം രൂപ അനുവദിച്ചപ്പോൾ ഇത്തവണ 67 ലക്ഷമാണ് അനുവദിച്ചത്. ഇത്തരത്തിൽ തുക അനുവദിക്കുന്നത് മഴക്കാലം തുടങ്ങിയതിനു ശേഷമോ തുടങ്ങുന്നതിനു തൊട്ടു മുൻപോ ആണ്.
അറ്റകുറ്റപ്പണിയെന്ന പേരിൽ കുഴികളിൽ പാറപ്പൊടിയിടുകയും അതിനു മുകളിൽ ടാർ തൂവുകയുമാണ് ചെയ്യുന്നത്. ഒരു മഴ പെയ്യുന്നതോടെ ഇതെല്ലാം ഒലിച്ചു പോയി വീണ്ടും റോഡ് പഴയത് പോലെയാകും. കഴിഞ്ഞ വർഷം കനത്ത മഴ പെയ്യുന്പോഴാണ് അറ്റകുറ്റപ്പണി നടത്തിയത്. ഒരാഴ്ച തികയും മുൻപ് റോഡ് വീണ്ടും പഴയത് പോലെയായി. റോഡ് അറ്റകുറ്റപ്പണിയുടെ കരാർ ലഭിക്കുന്നത് മിക്കപ്പോഴും ഒരേ കരാറുകാർക്കാണ്. ഒരേ കരാറുകാരൻ വിവിധ പേരിൽ ഒന്നിലധികം ടെൻഡറുകൾ നൽകും.
അതിൽ നിന്ന് കുറഞ്ഞ തുകയ്ക്കു ബോട്ട് ചെയ്ത ടെൻഡർ ഉറപ്പിക്കുന്നതാണ് രീതി. ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.