ദേശീയതല മത്സരങ്ങളിൽ കുട്ടികളെ ഒന്നാമതെത്തിക്കുക ലക്ഷ്യം: മന്ത്രി വി.ശിവൻകുട്ടി
1299929
Sunday, June 4, 2023 7:12 AM IST
പാലക്കാട്: ദേശീയതലത്തിൽ നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ ഒന്ന് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികളെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഇതിന് അനുയോജ്യമായ സൗകര്യങ്ങളും നയങ്ങളുമാണ് സർക്കാർ സ്വീകരിക്കുന്നത്.
നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് നിർമിച്ച പരുതൂർ ഗവ. ജിഎൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ സ്കൂളുകളിൽ എത്തുന്ന ഓരോ കുട്ടിയുടെയും എല്ലാ കാര്യങ്ങളിലും അധ്യാപകർക്ക് ശ്രദ്ധ ഉണ്ടാവണം. അതിനുള്ള ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയിൽ മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി.
പ്ലസ് വണ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും തുടർ പഠനത്തിന് സർക്കാർ അവസരം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3.90 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാഠപുസ്തകങ്ങൾ മാത്രമല്ല പഠനമെന്നും മാറിവരുന്ന അറിവിന്റെ ലോകം കുട്ടികൾക്ക് എത്തിക്കുന്നതിനാണ് സ്കൂളുകളിൽ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ശ്രദ്ധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മികച്ച പഠനാന്തരീക്ഷം കുട്ടികളുടെ അവകാശമാണ്. സർക്കാർ അത് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.