മയക്കുമരുന്നിൽനിന്നു യുവതലമുറയെ രക്ഷിക്കണം: യൂത്ത് ഫ്രണ്ട് -ജേക്കബ്
1298458
Tuesday, May 30, 2023 12:46 AM IST
പാലക്കാട്: മയക്കുമരുന്നിന്റെ അമിതമായ ഉപയോഗത്തിൽ നിന്നം യുവതലമുറയെയും രക്ഷിക്കാൻ രക്ഷാകർത്താക്കളും അധ്യാപകരും സന്നദ്ധസംഘടനകളും രാഷ്ട്രീയപാർട്ടികളും മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്ന് കേരള യൂത്ത് ഫ്രണ്ട് -ജേക്കബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർക്കാരും മന്ത്രിയും മയക്കുമരുന്നിനെതിരെ ബോധവത്ക്കരണ പരിപാടികളുമായി മുന്നോട്ടു പോകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാമെന്നു ബലമായി സംശയിക്കുന്നതായി യോഗം ആരോപിച്ചു. ലഹരി മാഫിയകളെ പിടികൂടാൻ പോലീസും എക്സൈസും സർക്കാരും ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആൽബിൻ റെജി പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഐസക്ക് ജോണ് വേളൂരാൻ നിയോജകമണ്ഡലം പ്രസിഡന്റുമാരായ പി.ടി. റഫീക്ക്, അഭിലാഷ്, നിഖിൽ റോയി തുടങ്ങിയവർ പ്രസംഗിച്ചു.
മന്തുരോഗ നിർമാർജനം: അലനല്ലൂരിൽ
രാത്രികാല സർവേ പൂർത്തിയാക്കി
അലനല്ലൂർ: മന്തുരോഗ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഫലപ്രാപ്തി അറിയുന്നതിനും മന്തുരോഗത്തിന്റെ രോഗാണു വാഹകരെ കണ്ടെത്തുന്നതിനുമായി അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ടിൽ ആരോഗ്യ വകുപ്പ് നടത്തിയ രാത്രികാല രക്ത പരിശോധന പൂർത്തിയായി. മൂന്നുദിവസങ്ങളിലായി നടന്ന സർവേയിൽ 300 പേരുടെ രക്തം പരിശോധനക്കെടുത്തു. മന്തുരോഗ പ്രതിരോധ മരുന്ന് കഴിച്ചവർ ഏറ്റവും കുറവുള്ളതും മുൻ കാലങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തതുമായ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. ഗ്രാമ പഞ്ചായത്തംഗം ബഷീർ പടുകുണ്ടിൽ, ഹെൽത്ത് ഇൻസ്പെക്ടർ ഷംസുദ്ദീൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.