ഷൊർണൂരിന്റെ ഒാട് വ്യവസായം വിസ്മൃതിയിലേയ്ക്ക്
1297931
Sunday, May 28, 2023 3:16 AM IST
ഷൊർണൂർ : ബീഡി തെറുപ്പിനും തീപ്പെട്ടി വ്യവസായത്തിനും പുറകെ ഒറ്റപ്പാലത്തിന്റെയും ഷൊർണൂരിന്റെയും തനത് തൊഴിൽ മേഖലയായ ഓട് വ്യവസായവും വിസ്മൃതിയിലായി. കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ കൂണു പോലെ മുളച്ചുപൊന്താൻ തുടങ്ങിയതോടെയാണ് ഓട് വ്യവസായം തിരിച്ചടി നേരിട്ടത്.
ഒറ്റപ്പാലം, ഷൊർണൂർ നഗരങ്ങളുടെ മുഖമൊഴികളിലൊന്നായിരുന്നു ഓട് നിർമാണം. ഭാരതപുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്തടുക്കുന്ന കളിമണ്ണിൽ ചുട്ടെടുക്കുന്ന ഇവിടുത്തെ ഓടുകൾക്ക് ആവശ്യക്കാരു മേറെയായിരുന്നു.
മറ്റ് ജില്ലകളിലേക്ക് കയറ്റി അയച്ചിരുന്ന ഇവിടുത്തെ ഓടുവില്പ്പന വഴി വലിയ സാന്പത്തിക ലാഭവും ലഭ്യമായിരുന്നു. എന്നാൽ കാലം മാറിയതോടെ കഥയും മാറി. കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ നാടും നഗരങ്ങളും കീഴടക്കിയതോടെ ഓടു കന്പനികൾ ഒന്നൊന്നായി അടച്ചു പൂട്ടി.
ഓട് വ്യവസായ രംഗത്തെ നിളാതീരത്തിന്റെ പെരുമ ഇന്ന് ഓർമ്മകളിൽ മാത്രമാണ്.
പോയ കാലത്തിലെ ഓട് വ്യവസായ ഗതകാല പ്രതാപങ്ങൾ അയവിറക്കുകയാണ് ഭാരതപ്പുഴയുടെ തീരം. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി മേഖലയിലകളിലായിരുന്നു അന്ന് ഓട് വ്യവസായങ്ങൾ വ്യാപകമായി പ്രവർത്തിച്ചിരുന്നത്.
ഭാരതപ്പുഴയുടെ തീരത്തെ വൻ കളിമണ്‍ ലഭ്യത ഉപയോഗപ്പെടുത്തി ഒറ്റപ്പാലത്തും ഷൊർണൂരിലും മറ്റും വൻകിട ഓട്ടുകന്പനികൾ തന്നെ പ്രവർത്തിച്ചിരുന്നു. ഒറ്റപ്പാലം ടൈൽസ്, ഷൊർണൂർ ടൈൽസ് എന്ന പേരിൽ ഇത് കേരളത്തിലാകമാനം തന്നെ പ്രശസ്തി നേടി. തൃശൂരിലെ ഒല്ലൂരിനും കോഴിക്കോട് ഫറോക്കിനും ഒപ്പം ഒറ്റപ്പാലം, ഷൊർണൂർ ടൈൽസും മത്സരിച്ചു.
കേരളത്തിലെ ഓട് വ്യവസായ രംഗത്ത് ഒറ്റപ്പാലവും ഷൊർണൂരും പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടിരുന്നു. നിളാതീരത്തെ കളിമണ്ണിന്റെ വേറിട്ട ഗുണനിലവാരം ഈ മേഖലയുടെ ഓട് വ്യവസായത്തെ നന്നായി തുണച്ചു.
നൂറിലേറെ തൊഴിലാളികൾ ഓട്ടുകന്പനികളിൽ പണിയെടുത്തിരുന്നു. ഭാരതപ്പുഴയുടെ തീരത്ത് അംബരചുംബിയായി നിന്നിരുന്ന ഓട്ടുകന്പനിയുടെ പുകക്കുഴൽ ഒരു കാലത്ത് ഷൊർണൂരിന്റെയും ഒറ്റപ്പാലത്തിന്റെയും പട്ടാന്പിയുടെയും മുഖമുദ്രയായിരുന്നു.
തൊഴിലാളികളെ സമയമറിയിക്കാൻ ഉപയോഗിച്ചിരുന്ന സൈറണ്‍ മുഴക്കം കിലോമീറ്ററുകൾക്കപ്പുറം വരെ കേട്ടിരുന്നു. ഓടിട്ട വീടുകൾ നിറഞ്ഞ് നിന്നിരുന്ന കാലത്ത് ഇവിടങ്ങളിലെ ഓട് വ്യവസായം പ്രതാപ സ്ഥിതിയിലായിരുന്നു. ഓട് വീടുകൾ കോണ്‍ഗ്രീറ്റ് വീടുകളിലേക്ക് മുഖംമാറ്റിയതോടെ ഓട് വ്യവസായം പ്രതാപത്തിന്റെ പടിയിറക്കവും തുടങ്ങി. പരീക്ഷണങ്ങൾ പലത് നടത്തിയെങ്കിലും ഓട് വ്യവസായം ഉടഞ്ഞു പോയി.
കളിമണ്‍ എടുക്കുന്നതിലെ കർശന നിയമങ്ങളും ഇതിന് കാരണമായി. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഇവിടങ്ങളിലെ ഓട് വ്യവസായവും അതോടെ നിലച്ചു.
ഓട് വ്യവസായത്തിന്റെ ഓർമ്മയായി പട്ടാന്പിയിൽ ഇന്നും ആകാശ ചുംബിയായി പുകക്കുഴൽ അവശേഷിക്കുന്നുണ്ട്. ഓട് വ്യവസായത്തിന്റെ ഓർമ്മകളിലേക്ക് നയിക്കുന്ന സ്മാരക ശേഷിപ്പായി നില നിന്നിരുന്ന ഈ പുക കുഴൽ ഒറ്റപ്പാലവും ഷൊർണൂരും പൊളിച്ച് മാറ്റുകയും ചെയ്തു.