കർഷകർക്ക് വിജ്ഞാന ക്യാന്പ് നടത്തി
1280726
Saturday, March 25, 2023 12:48 AM IST
നെന്മാറ: കേരള കാർഷിക സർവകലാശാലയുടെ പട്ടാന്പി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും നെന്മാറ ട്രഡീഷൻ ആൻഡ് ടെക്നോളജി (ടി.ടി ഗ്രൂപ്പ്) ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ കർഷകർക്ക് വിജ്ഞാന ക്യാന്പ് നടത്തി. ഗോമതി എസ്റ്റേറ്റ് മത്തായി മാത്യുവിന്റെ കൃഷിയിടത്തിൽ വിവിധതരം സൂക്ഷ്മ ജീവാണുക്കളായ അസോസ്പറില്ലം ട്രൈക്കോഡർമ, സ്യൂഡോമോണസ്, മൈക്കോറൈസ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ കുറിച്ചും അവ സസ്യങ്ങളിൽ വളർച്ചക്കും പ്രതിരോധത്തിനും ചെയ്യുന്ന ഗുണങ്ങളെക്കുറിച്ചും പട്ടാന്പി കെ.വി.കെ. യിലെ ഡോ. സുമയ്യ ക്ലാസെടുത്തു.
സൂക്ഷ്മാണുക്കളുടെ കൾച്ചർ, നിർമാണം എന്നിവ നേരിട്ട് കാണിച്ച് കർഷകരെ പഠിപ്പിക്കുകയും ചെയ്തു. വിവിധ പ്രദേശങ്ങളിൽ നിന്നായി ടി.ടി ഗ്രൂപ്പിന്റെ അന്പതോളം കർഷകർ പങ്കെടുത്തു. സ്ഥിരമായി വിവിധ പ്രദേശങ്ങളിൽ വച്ച് പുതിയ കാർഷിക വിജ്ഞാനങ്ങളും യന്ത്രങ്ങളും സാങ്കേതികവിദ്യയും കർഷകർക്ക് പങ്കുവെക്കുന്നതിനായി ടി.ടി. ഗ്രൂപ്പ് കർഷകർക്കിടയിൽ പരിപാടികൾ നടത്താറുണ്ട്. ചടങ്ങിൽ മത്തായി മാത്യു, ഇ. കെ. മുരളീധരൻ സംസാരിച്ചു.