ദാഹമകറ്റാൻ രാധാകൃഷ്ണൻ
1279836
Wednesday, March 22, 2023 12:49 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: വടക്കഞ്ചേരിക്കാരുടെ ദാഹമകറ്റുന്ന കുന്നങ്കാട് സ്വദേശി രാധാകൃഷ്ണന് വേനൽ ചൂട് കൂടിയതോടെ വിശ്രമമില്ലാതായി.
അതിരാവിലെ മുതൽ വൈകുന്നേരം വരെ ടൗണിലെ കടകളിലും മറ്റും വെള്ളം എത്തിക്കുന്ന ജോലിയാണ് രാധാകൃഷ്ണന്.
സൈക്കിളിന് ഇരുവശത്തും പ്ലാസ്റ്റിക്ക് കുടങ്ങൾ വച്ചു കെട്ടിയാണ് ആവശ്യക്കാർക്ക് വെള്ളം എത്തിക്കുക. മന്ദത്ത് മിൽമ ബൂത്തിനടുത്തെ കിണറാണ് ജലസ്രോതസ്. ഓരോ സ്ഥലത്തും വെള്ളം എത്തിക്കാൻ ഏറെ കഷ്ടപ്പാടുണ്ടെങ്കിലും അതിനനുസൃതമായ പ്രതിഫലമൊന്നും കിട്ടാറില്ലെന്നാണ് രാധാകൃഷ്ണന്റെ വിഷമം.
മൂന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന തൊഴിൽ അങ്ങനെ മുന്നോട്ടു പോകട്ടെ എന്ന് നിലപാടിലാണ് രാധാകൃഷ്ണനും. വെള്ളം ശുദ്ധമായതിനാൽ രാധാകൃഷ്ണന്റെ കിണർ വെള്ളത്തിന് ഡിമാന്റും കൂടുതലാണ്.
ഇടയ്ക്കിടെ കിണറിൽ ബ്ലീച്ചിംഗ് പൗഡറും കല്ലുപ്പും ഇട്ട് രാധാകൃഷ്ണൻ തന്നെ ശുചീകരണ പ്രക്രിയകൾ നടത്തും.
മുന്പ് ഇരുഭാഗത്തും കുടങ്ങൾ തൂക്കി കാവ് തോളിലേറ്റിയാണ് കടകളിൽ വെള്ളം എത്തിച്ചിരുന്നത്. തോൾ വേദനയും നടുവേദനയുമായി ആ സാഹസം നിർത്തി.
കുറച്ചു കൂടി പരിഷ്കൃത രൂപത്തിലായി. അങ്ങനെയാണ് പഴയ സൈക്കിൾ തരപ്പെടുത്തി സഹായിയായി ഒപ്പം കൂട്ടിയത്.
വെള്ളത്തിന്റെ ആവശ്യക്കാർ മുകളിലത്തെ നിലയിലുള്ളവരാണെങ്കിൽ ബുദ്ധിമുട്ടുകൂടും. എന്തെങ്കിലുമാകട്ടെ പ്രായമായി തുടങ്ങി.
ഇനി മറ്റു തൊഴിലുകളൊന്നും ശരിയാവില്ല. സമയം പാലിച്ചുള്ള ജലവിതരണത്തിന് തിരക്കുപിടിച്ച് പോവുകയാണ് രാധാകൃഷ്ണൻ.