തെങ്കര പഞ്ചായത്തിൽ പ്രതിഷേധ റീത്ത് വച്ച് യൂത്ത് കോണ്ഗ്രസ്
1263838
Wednesday, February 1, 2023 12:31 AM IST
മണ്ണാർക്കാട് : തെങ്കര പഞ്ചായത്തിലെ അഴിമതി, ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. നിയോജക മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് തെങ്കര മണ്ഡലം പ്രസിഡന്റ് ഷെഫിലാസ് ചേറുംകുളം അധ്യക്ഷത വഹിച്ചു.
തെങ്കര പഞ്ചായത്തിലെ ജനങ്ങൾക്ക് ഉപകാരപ്പെടുമായിരുന്ന ലാബിന്റെ നിർമാണ പ്രവർത്തനം അട്ടിമറിക്കുകയും തുടങ്ങാത്ത ലാബിന് കെട്ടിട വാടക ഇനത്തിൽ തൊണ്ണൂറായിരം രൂപ ചെലവഴിച്ചത് അനാസ്ഥയും അഴിമതിയുമാണെന്ന് യൂത്ത് കോണ്ഗ്രസ് ആരോപിച്ചു.
ലാബിനു വേണ്ടി ഇറക്കിയ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിക്കാൻ കാരണം എൽഡിഎഫ് ഭരണ സമിതിയാണ്. ജനങ്ങളിൽ നിന്ന് അകന്നാണ് പഞ്ചായത്ത് ഭരണം മുന്നോട്ടു പോകുന്നത്. അഴിമതി, സ്വജനപക്ഷഭേദവും ജനദ്രോഹ നടപടികളും വച്ചുപൊറുപ്പിക്കില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗിരീഷ് ഗുപ്ത പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളം വേനൽക്കാലത്ത് കൃഷി ഇടങ്ങളിലേക്ക് എത്തിക്കുവാൻ നാളിതുവരെയായി കനാലുകൾ വൃത്തിയാക്കിയിട്ടില്ല.
കൃഷി ഇടങ്ങളിൽ വരൾച്ച നേരിടുമെന്നും യൂത്ത് കോണ്ഗ്രസ് പറഞ്ഞു. കൃഷിക്കാർക്ക് വളത്തിനുള്ള സബ്സിഡി നല്കാതെ വഞ്ചിക്കുന്ന നിലപാട് തിരുത്തണമെന്നും ഗൗരവതരമായ ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
കരാറുകാരുമായി ചേർന്ന് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്നതിനുള്ള പദ്ധതിയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി ആവിഷ്ക്കരിക്കുന്നത്.
സമരത്തിൽ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ആറ്റക്കര ഹരിദാസ്, ഗ്രാമ പഞ്ചായത്ത് മെന്പർമാരായ കെ.പി. ജഹീഫ്, സി.പി. മുഹമ്മദ് അലി, കുരിക്കൾ സെയ്ത്, നിയോജക മണ്ഡലം സെക്രട്ടറി ഹാരിസ് തത്തേങ്ങലം, ശിവദാസൻ, സഹീൽ തെങ്കര, വിജയദാസ്,
നന്ദകുമാർ, സുരേഷ് കുണ്ടിൽ, ഗംഗാധരൻ ചേറുംകുളം, ലത്തീഫ് തത്തേങ്ങലം, പി.ലീല, അല്ലാബക്സ്, കബീർ, ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.