ആനന്ദപുരം ഗവ. യുപി സ്കൂളില്‍ കെട്ടിടം അപകടാവസ്ഥയില്‍
1577019
Saturday, July 19, 2025 1:27 AM IST
മുരിയാട്: പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ആനന്ദപുരം ഗവ. യുപി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിപ്രകാരം കേന്ദ്ര - സംസ്ഥാന വിഹിതം വകയിരുത്തി നിര്‍മിച്ച കിച്ചന് കം സ്റ്റോര്‍ നിര്‍മാണത്തിലെ അപാകത മൂലം കെട്ടിടം ഏതുനിമിഷവും തകരാവുന്ന നിലയില്‍. നിര്‍മാണത്തില്‍ നടന്ന വന്‍ അഴിമതിയാണു തകര്‍ച്ചയ്ക്കു കാരണമെന്നു കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞ നവംബറില്‍ മന്ത്രി ആര്. ബിന്ദു കെട്ടിടം ഉദ്ഘാടനം ചെയ്തുവെങ്കിലും കെട്ടിടത്തിന്റെ അപകടാവസ്ഥയെ ത്തുടര്‍ന്ന് ഇതുവരെയും തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.
പരാതിയെത്തുടര്‍ന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ കെട്ടിടം തുറന്നുനോക്കിയപ്പോള്‍ കെട്ടിടത്തിനുള്ളില്‍ വിഷപ്പാമ്പ് ഉള്‍പ്പെടെ നിരവധി ഇഴജന്തുക്കളായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും ഉച്ചഭക്ഷണം നല്‍കുന്നത് പഴയ കെട്ടിടത്തില്‍ തന്നെയാണ്. മുരിയാട് പഞ്ചായത്തംഗം പിടിഎ പ്രസിഡന്റായിട്ടുള്ള കമ്മിറ്റിയാണ് നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. നിര്‍മാണ കാലഘട്ടത്തില്‍ത്തന്നെ നിര്‍മാണത്തിലെ അപാകതകളെക്കുറിച്ചും അപകടാവസ്ഥയെക്കുറിച്ചും ചൂണ്ടിക്കാണിച്ചെങ്കിലും അതെല്ലാം അവഗണിക്കുകയായിരുന്നുവെന്ന് തൊട്ടടുത്ത വാര്‍ഡിലെ പഞ്ചായത്തംഗം നിത അര്ജുനന് പറഞ്ഞു.
നിമാണം പൂര്‍ത്തീകരിച്ച് ഉദ് ഘാടനം ചെയ്യുന്നതിനായിരുന്നു തിടുക്കം. കെട്ടിടത്തിന്റെ ഒരു ഭാഗം നിര്‍മാണഘട്ടത്തില്‍ത്തന്നെ ഒരു വശത്തേക്കു ചെരിഞ്ഞിരുന്നു. ആ ഭാഗങ്ങള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് താങ്ങിനിര്‍ത്തിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ഉള്‍വശങ്ങളിലും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് താങ്ങിനിര്‍ത്തിയിരിക്കുകയാണ്.
നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് സാജു പാറേക്കാടന്‍, പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്് വിബിന് വെള്ളയത്ത്, മണ്ഡലം സെക്രട്ടറിമാരായ സി.എസ്. അജീഷ്, ടി.ആര്. ദിനേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.