ചിമ്മിനി ഇക്കോ ടൂറിസം: 50 ലക്ഷം അനുവദിച്ചു
1576825
Friday, July 18, 2025 6:01 AM IST
തൃശൂർ: വിനോദസഞ്ചാരവകുപ്പിന്റെ ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചെന്നു കെ.കെ. രാമചന്ദ്രൻ എംഎൽഎ. വനം വകുപ്പ് പീച്ചി വൈൽഡ്ലൈഫ് വാർഡൻ മുഖേന തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തുക അനുവദിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തംവഴി ടൂറിസം കേന്ദ്രം വികസിപ്പിക്കുന്നതിനു നടപ്പാക്കുന്ന പദ്ധതിയാണു ഡെസ്റ്റിനേഷൻ ചാലഞ്ച്.
എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ പദ്ധതിക്ക് അനുവദിച്ചിരുന്നു. കേരള കണ്സ്ട്രക്ഷൻ കോർപറേഷനാണ് പ്രവൃത്തിയുടെ നിർവഹണ ഏജൻസി. സംസ്ഥാന ബജറ്റിലും പദ്ധതിക്കായി ഒരു കോടി രൂപ അനുവദിച്ചു. ഇതിൽ 20 ലക്ഷം നീക്കിവച്ചു. വരന്തരപ്പിള്ളി പഞ്ചായത്തിന്റെ ടോയ്ലറ്റ് കെട്ടിടത്തിന്റെ നിർമാണവും അവസാന ഘട്ടത്തിലാണ്.
നവകേരളനിർമിതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽനിന്നു സമർപ്പിച്ച പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടെന്നും എംഎൽഎ അറിയിച്ചു.