നിക്ഷേപത്തുക തിരിച്ചുനൽകിയില്ല; ഭരണസമിതിക്കെതിരേ കേസ്
1577015
Saturday, July 19, 2025 1:27 AM IST
പുന്നയൂർക്കുളം: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ചു ലഭിച്ചില്ലെന്ന പരാതിയിൽ വടക്കേക്കാട് പോലീസ് കേസെടുത്തു.
വടക്കേക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും പേരിലാണ് പോലീസ് കേസെടുത്തത്. നിക്ഷേപത്തുക തിരിച്ചുലഭിക്കാത്തതിനെ തുടർന്ന് വടക്കേക്കാട് പോലീസ്, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പരാതിക്കാരനായ വടക്കേക്കാട് കുറ്റിക്കരിപ്പോട്ട് ബെഞ്ചമിൻ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി ഉത്തരവിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ബെഞ്ചമിന്റെ മാതാവ് ഫാത്തിമയുടെ പേരിൽ 2022 ഡിസംബറിൽ അഞ്ചുലക്ഷം രൂപ ഒരുവർഷത്തേയ്ക്ക് സ്ഥിരനിക്ഷേപം നടത്തിയിരുന്നു. ഫാത്തിമയുടെ ചികിത്സയ്ക്കുവേണ്ടി നിക്ഷേപത്തുക തിരിച്ചു ചോദിച്ചപ്പോഴും നൽകിയില്ലായെന്നു പരാതിയിൽ പറയുന്നു.
ഇതിനിടെ നിക്ഷേപത്തുക തിരിച്ചു നൽകാത്തതിൽ പ്രതിഷേധിച്ചും നിക്ഷേപകർക്ക്പണം ഉടനെ നൽകണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഎം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ ഉദ്ഘാടനംചെയ്തു.