എംഎൽഎയുടെ അവഗണന: പ്രതിഷേധസംഗമം നാളെ
1576795
Friday, July 18, 2025 5:36 AM IST
കാടുകുറ്റി: വികസനകാര്യങ്ങളിൽ കാടുകുറ്റി ഗ്രാമപഞ്ചായത്തിനെ സനീഷ്കുമാർ ജോസഫ് എംഎൽഎ അവഗണിക്കുന്നുവെന്നാരോപിച്ച് എൽഡിഎഫ് കാടുകുറ്റി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കും.
നാളെ വൈകീട്ട് 4.30ന് കാടുകുറ്റി ബസ് സ്റ്റേഷൻ പരിസരത്ത് സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനംചെയ്യും. 99 ലക്ഷം രൂപ ചെലവിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്സിനു എല്ലാ അനുമതിയുംവാങ്ങി, പഞ്ചായത്ത് നാലുലക്ഷത്തോളം രൂപ ചെലവുചെയ്ത് ടെൻഡർവച്ച് നിർമാണംതുടങ്ങിയ ഘട്ടത്തിൽ കോൺഗ്രസും എംഎൽഎയും ഇടപെട്ട് നിർത്തിവയ്പിച്ചതായി എൽഡിഎഫ് ആരോപിച്ചു.
സംസ്ഥാന ബജറ്റിലൂടെ കാടുകുറ്റിക്ക് ലഭ്യമായ ഒന്നരക്കോടി രൂപയുടെ പുഴയോരം കെട്ടിസംരക്ഷിക്കൽ പദ്ധതി നിർമാണത്തിന്റെ പ്രാരംഭഘട്ടത്തിൽതന്നെ നിർത്തിവപയ്പിച്ചു. കാടുകുറ്റി പഞ്ചായത്തിലെ റോഡുകളിലെ അനുബന്ധപ്രവൃത്തികളിൽ എംഎൽഎ ശ്രദ്ധിക്കുന്നില്ല. എംഎൽഎ ആസ്തിവികസന ഫണ്ടും പദ്ധതിയും നൽകുന്ന കാര്യത്തിലും കാടുകുറ്റിയെ അവഗണിക്കുകയാണ്.
കൊരട്ടിച്ചാൽ പദ്ധതിയുടെ രണ്ടാംഘട്ടത്തോട് മുഖംതിരിച്ചുനിൽക്കുന്ന എംഎൽഎ ദേശീയപാത നിർമാണ പ്രവൃത്തികളെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഗ്രാമീണ റോഡുകൾ തകർന്നിട്ടും ഇടപെടുന്നില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. അനുവദിക്കപ്പെട്ട ആറങ്ങാലി പാലവും തൈക്കൂട്ടംപാലവും നടപ്പിലാക്കാൻ യാതൊന്നും എം.എൽഎ ചെയ്യുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, ഭരണസമിതി അംഗങ്ങളായ പി. വിമൽകുമാർ, രാഖി സുരേഷ്, വർക്കി തേലക്കാട്ട്, മോഹിനി കുട്ടൻ എന്നിവർ പറഞ്ഞു.