തൃശൂർ കോർപറേഷനു സ്റ്റാർ റേറ്റിംഗ്, സ്വച്ഛ് സർവേയിൽ 58-ാം റാങ്ക്
1576826
Friday, July 18, 2025 6:01 AM IST
തൃശൂർ: പാൻ ഇന്ത്യൻ ശുചിത്വസർവേയായ സ്വച്ഛ് സർവേക്ഷൻ സർവേയിൽ 58-ാം റാങ്കിലേക്കുയർന്ന് തൃശൂർ കോർപറേഷൻ. ഇതോടൊപ്പം മാലിന്യസംസ്കരണരംഗത്തു ഗാർബേജ് ഫ്രീ സിറ്റി പദവിയിൽ സ്റ്റാർ റേറ്റിംഗോടെയും തൃശൂർ തെരഞ്ഞെടുക്കപ്പെട്ടതായി മേയർ എം.കെ. വർഗീസ് അറിയിച്ചു. കഴിഞ്ഞവർഷം ദേശീയ റാങ്കിംഗിൽ 333-ാം സ്ഥാനമായിരുന്നു.
സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ കീഴിൽ കേന്ദ്ര നഗരവികസനമന്ത്രാലയം ഗ്രാമങ്ങളിലും നഗരങ്ങളിലും തുറസായ സ്ഥലങ്ങൾ മലമൂത്രവിസർജനരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണു സ്വച്ഛ് സർവേക്ഷൻ സർവേ നടത്തുന്നത്. മൊത്തം നാലായിരത്തോളം നഗരങ്ങളിലാണു സർവേ.
പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് ഒഴിവാക്കുക, വീടുകളിൽനിന്നു മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിക്കുക, ശേഖരിച്ച മാലിന്യം തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കോർപറേഷനെ ഗാർബേജ് ഫ്രീ സിറ്റി പദവിയിലേക്കു സ്റ്റാർ റേറ്റിംഗോടെ തെരഞ്ഞെടുത്തത്.
ഇതോടൊപ്പം മാലിന്യസംസ്കരണത്തിലെ പൊതുജനാഭിപ്രായം സർവേ വഴി ശേഖരിക്കുകയും 65,000ത്തിലധികം വോട്ടുനേടി സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു. ദേശീയതലത്തിൽ കാറ്റഗറി അടിസ്ഥാനത്തിൽ എട്ടാംസ്ഥാനവും ലഭിച്ചു. പൊതുഇടങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്ന ഒഡിഎഫ് പ്ലസ് ബഹുമതി ഈ വർഷവും നിലനിർത്താൻ സാധിച്ചു.
ഡൽഹി വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണു പ്രഖ്യാപനം നടത്തിയതെന്നും മേയർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.