ജനത്തെ വലച്ച് കൈപ്പറമ്പ് സെന്ററിലെ അശാസ്ത്രീയ ഡിവൈഡർ നിർമാണം
1576791
Friday, July 18, 2025 5:36 AM IST
കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം റോഡിന്റെ നിർമാണപ്രവൃത്തിയുടെ ഭാഗമായി ഡിവൈഡർ നിർമാണം അശാസ്ത്രീയം. കൈപ്പറമ്പ് സെന്ററിൽ പറപ്പൂർ ഭാഗത്തേക്കും തലക്കോട്ടുകര ഭാഗത്തേക്കും വാഹനങ്ങൾ തിരിഞ്ഞുപോകുന്നതിനുവേണ്ടി ഡിവൈഡർ സൗകര്യം മുന്പുണ്ടായിരുന്നു.
എന്നാൽ പുതിയ നിർമാണത്തിൽ കേച്ചേരി-കുറാഞ്ചേരി സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന തലക്കോട്ടുകര റോഡിലേക്കു വാഹനങ്ങൾ തിരിഞ്ഞുപോകുന്നതിനു വേണ്ട സൗകര്യം ഇല്ലാതെയാണ് ഡിവൈഡർ നിർമിച്ചിട്ടുള്ളത്.
ഈ വഴിയിലാണ് വിദ്യ എൻജിനീയറിംഗ് കോളജ്, ഗാഗുൽത്ത ധ്യാനകേന്ദ്രം, കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉള്ളത്. വിദ്യ കോളജിന്റെ ബസുകൾ ഉൾപ്പെടെ സ്കൂൾവാഹനങ്ങളടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. സംസ്ഥാനപാതകളിൽ ഗതാഗതതടസങ്ങളുണ്ടാകുന്പോൾ എല്ലാ വാഹനങ്ങളും ഈ വഴിയെയാണ് ആശ്രയിക്കുക.
ഇപ്പോൾ കൈപ്പറമ്പ് സെന്ററിൽ പറപ്പൂർ ഭാഗത്തേക്കുമാത്രമാണ് വാഹനങ്ങൾക്കു തിരിഞ്ഞുപോകുന്നതിനു മീഡിയൻ ഗ്യാപ്പ് സൗകര്യം ഉള്ളത്. പുതിയതായി സ്ഥാപിച്ച മീഡിയൻ ഗ്യാപ്പിൽ യുടേൺ എടുത്തു തലക്കോട്ടുകര ഭാഗത്തേക്കു ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്കു തിരിഞ്ഞുപോകാൻ കഴിയില്ല. തിരിക്കാൻ ശ്രമിച്ചാൽ കൈപ്പറമ്പ് സെന്ററിൽ കേച്ചേരിയെക്കാൾ വലിയ ഗതാഗതതടസത്തിനും കാരണമാകും.
തലക്കോട്ടുകര വഴിയിലേക്കുകൂടി വാഹനങ്ങൾ തിരിഞ്ഞുപോകുന്നതിനു ഡിവൈഡർ ഗ്യാപ്പ് സൗകര്യം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ലീല രാമകൃഷ്ണൻ എന്നിവരും കോളജ്, ഗാഗുൽത്ത അധികൃതരും വ്യാപാരികളും ഓട്ടോ തൊഴിലാളികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.