രാസവളം വിലവർധന;തൃശൂരിലെ കോൾകൃഷിക്ക് ഇരുട്ടടി
1576827
Friday, July 18, 2025 6:01 AM IST
തൃശൂർ: രാസവളങ്ങളുടെ വിലവർധന തൃശൂരിലെ നെൽകൃഷിമേഖലയ്ക്കു വൻതിരിച്ചടി. കാലാസ്ഥാ വ്യതിയാനം, വിത്തിന്റെ ഗുണമേൻമക്കുറവ്, കഠിനമായ ചൂട്, മണ്ണിന്റെ പുളിപ്പ് എന്നിവകൊണ്ടു വിളലഭ്യതയിൽ കാര്യമായ കുറവുണ്ടാകുന്നതിനൊപ്പം രാസവളങ്ങളുടെ വില കുതിച്ചുയർന്നതു കോൾകർഷകർക്കു കടുത്ത പ്രതിസന്ധിയാകും. ഏക്കറിന് 25,000 രൂപവരെയായിരുന്നു കൃഷിച്ചെലവ്. കീടനാശിനി, കുമിൾനാശിനി, കളനാശിനി എന്നിവയ്ക്കൊപ്പം വളത്തിന്റെ വിലയുമുയർന്നതോടെ ചെലവ് 40,000 ആയി ഉയർന്നെന്നു കർഷകർ പറഞ്ഞു.
പായ്ക്കറ്റിന് 1550 രൂപയായിരുന്ന പൊട്ടാഷിന് 1800 രൂപയായും 1450 രൂപയുണ്ടായിരുന്ന 16:16:15 കൂട്ടുവളത്തിന് 1600 രൂപയായും ഫാക്ടംഫോസ് 1300ൽനിന്ന് 1425 രൂപയായും വില ഉയർന്നു. രാസവളങ്ങളിലേറെയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. കേന്ദ്രസർക്കാർ സബ്സിഡി കുറച്ചതിനൊപ്പം രാജ്യാന്തര മാർക്കറ്റിൽ വിലകൂടിയതും വളംവിലയിൽ പ്രതിഫലിച്ചു.
266.50 രൂപയാണു യൂറിയയ്ക്കെങ്കിലും ആവശ്യത്തിനു കിട്ടാനില്ല. ദക്ഷിണേന്ത്യയിൽ കൂടുതൽ ഉപയോഗിക്കുന്ന പൊട്ടാഷ്, ഫാക്ടംഫോസ്, 16:16 എന്നിവയ്ക്കുള്ള സബ്സിഡി വെട്ടിക്കുറച്ചു. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫാക്ടംഫോസിന് അന്പതുകിലോയുടെ ചാക്കിന് 125 രൂപയാണ് ഉയർന്നത്. ഇറക്കുമതി ചെയ്യുന്ന ഫോസ്ഫറിക് ആസിഡിന്റെ വില ഉയർന്നതാണു കാരണം. ചൈന, ഇസ്രായേൽ എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ ഇറക്കുമതി.
ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവ മൂന്നുവട്ടം ഉപയോഗിച്ചാൽ നെൽക്കൃഷിക്കു തൊഴിലാളിക്കുള്ള കൂലിക്കുപുറമേ ഏക്കറിനു രണ്ടായിരം രൂപയോളം അധികച്ചെലവു വരും. തെങ്ങിനു പ്രതിവർഷം മൂന്നുമുതൽ അഞ്ചുകിലോവരെ രാസവളം വേണം. ഒരേക്കറിൽ ശരാശരി 75 തെങ്ങുകൾക്ക് 22,000 രൂപയാകും. പച്ചക്കറികൃഷിക്ക് പ്രതിവർഷം ഏക്കറിനു 4000 രൂപയും റബറിനു മൂവായിരം രൂപയും ചെലവേറും.
കേന്ദ്രസർക്കാർ 2023ൽ 65,199 കോടി സബ്സി നൽകിയിരുന്നത് 2024ൽ 52,310 കോടിയായും 2025ൽ 49,000 കോടിയായും വെട്ടിച്ചുരുക്കി. 2017 മുതൽ സബ്സിഡി നേരിട്ടു കർഷകർക്കു നൽകാതെ രാസവള കന്പനികൾക്കാണു നൽകുന്നത്. കർഷകനു നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു സബ്സിഡി നൽകുന്ന സംവിധാനം വരുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല.
പ്രതിസന്ധി ഡീലർമാർക്കും
വിലവർധനയ്ക്കൊപ്പം വളംലഭ്യത കുറഞ്ഞതു ഡീലർമാരെയും പ്രതിസന്ധിയിലാക്കുന്നെന്ന് അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ് - പെസ്റ്റിസൈഡ്സ് ആൻഡ് സീഡ്സ് ഡീലേഴ്സ് അസോസിയേഷൻ തൃശൂർ സെക്രട്ടറി കെ.ആർ. സദാനന്ദൻ പറഞ്ഞു. നേരത്തേ, വർഷത്തിൽ രണ്ടുവട്ടമാണു വളംവില നിശ്ചയിച്ചിരുന്നത്. സബ്സിഡി പ്രഖ്യാപിക്കുന്പോൾ വളംവിലയിൽ കുറവുണ്ടെങ്കിൽമാത്രമാണ് വർധിപ്പിക്കുക.
സബ്സിഡിയെ അടിസ്ഥാനമാക്കിയുള്ള വളംവില നിശ്ചയിക്കൽ അവസാനിപ്പിച്ചതോടെ രാജ്യാന്തരവിപണിയിലെ വിലവ്യത്യാസം നേരിട്ടുപ്രതിഫലിക്കാൻ തുടങ്ങി. വടക്കേ ഇന്ത്യൻ കൃഷിയിടങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതു യൂറിയ ആയതിനാൽ സബ്സിഡിയിൽ വൻ വെട്ടിക്കുറവു വരുത്തിയിട്ടില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകൻ