പാണഞ്ചേരി പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷം
1577013
Saturday, July 19, 2025 1:27 AM IST
പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു.
വഴുക്കുംപാറയിലും ചാണോത്തുമാണ് കാട്ടാനക്കൂട്ടം കാർഷികവിളകൾ നശിപ്പിച്ചത്. വഴുക്കുംപാറയിൽ പത്തോളം കർഷകരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. തെങ്ങ്, വാഴ, കവുങ്ങ്, റബർ, നഴ്സറിയിലെ ചെടികൾ തുടങ്ങിയവ പൂർണമായും നശിപ്പിച്ച നിലയിലാണ്. രാത്രിയിൽ കൃഷിയിടത്തിൽ ഇറങ്ങിയ ആന വീടിന്റെ മുറ്റത്ത് നിലയുറപ്പിച്ചതോടെ കർഷകർ ഏറെ പരിഭ്രാന്തിയിലായി. കഴിഞ്ഞ വർഷങ്ങളിൽ പ്രദേശത്ത് കാട്ടാനശല്യം ഉണ്ടെങ്കിലും വീടിനുസമീപത്തേയ്ക്ക് കാട്ടാന എത്തുന്നത് ഇതാദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
വന്യമൃഗശല്യം രൂക്ഷമായതോടെ നിരവധിയാളുകൾ പ്രദേശത്തുനിന്ന് താമസംമാറി. പ്രദേശത്തെ സൗരോർജ വൈദ്യുതവേലി പ്രവർത്തനരഹിതമായതാണ് കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമെന്ന് വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ പറഞ്ഞു. പഴയ വൈദ്യുതവേലി പൂർണമായി നശിക്കുകയും ബാറ്ററികൾ തകരാറിലാവുകയുംചെയ്തു. പുതിയ സൗരോർജ വേലി സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും മറ്റു നടപടികൾ ഉണ്ടായിട്ടില്ലെന്നും വാർഡ് മെമ്പർ പറഞ്ഞു.
ചാണോത്ത് മേഖലയിൽ എട്ടുമാസംമുമ്പാണ് ആദ്യമായി കാട്ടാന എത്തിയത്. എന്നാൽ കഴിഞ്ഞ ചില ആഴ്ചകളായി നിരന്തരം കാട്ടാന പ്രദേശത്ത് എത്തുന്നതായി വാർഡ് മെമ്പർ സാവിത്രി സദാനന്ദൻ പറഞ്ഞു. നിരവധി കാർഷിക വിളകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ നോക്കുകുത്തികളാകുന്ന അവസ്ഥയാണെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് സംരക്ഷണം ഉറപ്പുവരുത്താൻ അധികൃതർ ശ്രമിക്കുന്നില്ലെന്നും കർഷകർ ആരോപിച്ചു.
സ്ഥലം എംഎൽഎയും റവന്യുമന്ത്രിയുമായ കെ. രാജൻ പ്രശ്നത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു
വടക്കാഞ്ചേരി: വാഴക്കോടും ഉദുവടിയിലും മണലാടിയിലും കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിച്ചു. ജനവാസമേഖലകളിലറിങ്ങിയ കാട്ടാനകൾ നാട്ടിൽ ഭീതിപരത്തി.
മണലാടിയിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കാട്ടാനകൾ നാശംവിതച്ചത്. ആനകളിറങ്ങിയ സമയത്ത് വെെദ്യുതിയില്ലാത്തത് നാട്ടുകാരുടെ ഭീതി വർധിപ്പിച്ചു. മണലാടി സ്വദേശി പുന്നപ്പുഴവീട്ടുകാരായ ബേബി, ബിജു, മാഞ്ഞാപറമ്പിൽ വീട്ടിൽ ലിസി ജോസഫ് എന്നിവരുടെ വീട്ടുപറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്.
വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തിയെങ്കിലും ശക്തമായ മഴയായതിനാൽ പടക്കംപൊട്ടിക്കാൻ കഴിയാത്തതിനാൽ ആനകളെ തുരത്താൻ കഴിയില്ലെന്ന നിലപാടായിരുന്നു. പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
വാഴക്കോട് പ്രദേശത്ത് ഇന്നലെ പുലർച്ചെയാണ് കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിച്ചത്. ജനവാസമേഖലകളിറങ്ങിയ കാട്ടാനകൾ വൻതോതിൽ നാശനഷ്ടം വരുത്തിയാണ് മടങ്ങിയത്. കറത്തോടിവീട്ടിൽ സോമസുന്ദരൻ, കോടങ്ങാട്ടിൽവീട്ടിൽ ഉണ്ണികൃഷ്ണൻ, കുന്നാംതൊടിവീട്ടിൽ അലി, കുളത്തിങ്കൽപീടികയിൽ ഷാഹിദ, പുത്തൻവീട്ടിൽ ഹംസ, പൊറത്തൂർ വീട്ടിൽ ഫ്രാൻസിസ് എന്നിവരുടെ വീട്ടുപറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. വിവരമറിച്ചതിനെത്തുടർന്ന് മച്ചാട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തി അന്വേഷണംനടത്തി.