ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പ്രതിഷേധധർണ നടത്തി
1577014
Saturday, July 19, 2025 1:27 AM IST
ചേർപ്പ്: വെള്ളക്കെട്ടുമൂലം ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവര്‍ പ്രതിഷേധധർണ നടത്തി. ചേർപ്പ് പഞ്ചായത്ത് 17, 18 വാർഡുകളിൽ ഉൾപ്പെട്ട മുത്തുള്ളിയാൽ, കനാൽ പ്രദേശത്ത് രണ്ടുമാസമായി തുടരുന്ന വെള്ളക്കെട്ടുമൂലം അഞ്ഞൂറിൽപരം ജനങ്ങളാണ് ഇപ്പോഴും ചേർപ്പ് ഗവ. ഹൈസ്കൂളിലും ജെബിഎസ് ഹൈസ്കൂളിലും കഴിയുന്നത്.
ജൂബിലി കോൾപടവ് കമ്മിറ്റി മത്സ്യലേലത്തിന് നൽകിയതിനെത്തുടർന്ന് ഹെൽബർട്ട് കനാലിലേക്ക് വെള്ളം ഒഴുകുന്ന ഓവ് ചാല്മീൻപിടിത്തക്കാർ അടച്ചിരിക്കുന്നതുമൂലം വെള്ളം ഒഴുകിപോകാത്തതിനാലാണ് വെള്ളക്കെട്ട്. ഇതിൽ പ്രതിഷേധിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ കനാൽ പ്രദേശത്തുനിന്നു പ്രകടനംനടത്തി.
തായംകുളങ്ങരയിലെ ജൂബിലി പടവ് ഓഫീസ് ഉപരോധിച്ചു. തുടർന്നുനടന്ന ചർച്ചയിൽ ഓഗസ്റ്റ് 31 വരെ ലേലം മരവിപ്പിക്കാനും ഓവുചാല്‍ തുറക്കാനും തീരുമാനമായി.
സിപിഎം ചേർപ്പ് ലോക്കൽ സെക്രട്ടറി എ.വി. സഹദേവൻ, ലോക്കൽ സെക്രട്ടറി പി.എസ്. സനന്ദ്, വാർഡ് മെമ്പർ മാരായ സുനിത ജിനു, നസീജ മുത്ത ലീഫ്, എം.എച്ച് സജീർ എന്നിവർ സംസാരിച്ചു.