കാട്ടൂരിലെ കിണറുകളിലെ രാസമാലിന്യം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി സ്ഥലം സന്ദർശിച്ചു
1576828
Friday, July 18, 2025 6:01 AM IST
ഇരിങ്ങാലക്കുട: കിണറുകളിൽ രാസമാലിന്യം കണ്ടെത്തിയ കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപത്തെ വീടുകൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രാജേഷ് ആർ. നായർ സന്ദർശിച്ചു. പരിസരവാസികൾ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പരിഹാരം ഉണ്ടാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ജനകീയ കുടിവെള്ളസംരക്ഷണസമിതിയുടെ പരാതിയെത്തുടർന്നായിരുന്നു സന്ദർശനം. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന രണ്ടു കന്പനികളിൽനിന്നാണു രാസമാലിന്യം സമീപപ്രദേശങ്ങളിലെ കുടിവെള്ളസ്രോതസുകളിലേക്കു വ്യാപിക്കുന്നതെന്നു പരിസരവാസികൾ പറഞ്ഞു.
പത്തുദിവസമായി പ്രദേശവാസികൾ മിനി എസ്റ്റേറ്റിനുമുന്നിൽ റിലേ നിരാഹാരസമരം നടത്തുകയാണ്. ഇന്നു രാവിലെ കാട്ടൂർ പഞ്ചായത്ത് ഓഫീസിലേക്കു നടത്തുന്ന പ്രതിഷേധമാർച്ച് കവി ആതിര തീക്ഷ്ണ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ പ്രസംഗിക്കും.