പന്നിയങ്കര ടോൾ പ്ലാസ: പ്രദേശവാസികളുടെ സൗജന്യയാത്ര; ലഭിച്ചത് 1200 അപേക്ഷകൾ
1509732
Friday, January 31, 2025 3:42 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട് 1200 വാഹനഉടമകൾ അപേക്ഷ നൽകിയെന്നു ടോൾകമ്പനി അധികൃതർ പറഞ്ഞു. അപേക്ഷയിൽ പരിശോധന നടന്നുവരികയാണ്.
ഇതിനകം കുറെപ്പേരെ വിളിച്ച് വേരിഫിക്കേഷൻ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ടോക്കൺപ്രകാരമാണ് വിളിപ്പിച്ച് ആർസി ഉടമ തന്നെയെന്ന് ഉറപ്പിക്കാൻ നിശ്ചിത ഫോറത്തിൽ ഒപ്പിട്ടുവാങ്ങുന്നത്. ഉടമയുടെ വീട്ടിൽനിന്നുള്ള ലൊക്കേഷനും വാഹനനമ്പറും ടോക്കൺ നമ്പറും സഹിതം ടോൾപ്ലാസയിലെ ഓഫീസിൽ എത്തിയാണ് വെരിഫിക്കേഷൻ പൂർത്തിയാക്കുന്നത്.
വാഹനങ്ങളിൽ നിലവിലുള്ള ഫാസ്ടാഗ് വഴി ബന്ധിപ്പിച്ചാണ് സൗജന്യം അനുവദിക്കുന്നതെന്നും പിന്നീട് നിശ്ചിത ട്രാക്കില്ലാതെ ഏതു ട്രാക്കിലൂടെയും കടന്നുപോകാമെന്നും അധികൃതർ പറഞ്ഞു.
നിശ്ചിത ദൂരപരിധിയിലുള്ളവർക്ക് സൗജന്യപ്രവേശനം അനുവദിച്ച് പ്രശ്നംപരിഹരിക്കാൻ അനൗദ്യോഗിക ചർച്ചകളും നടക്കുന്നുണ്ട്. ടോൾപ്ലാസയുടെ അഞ്ചുകിലോമീറ്റർ വായുദൂരത്തിലുള്ളവർക്ക് സൗജന്യപാസ് അനുവദിക്കാൻ തയാറായാണ് ടോൾകമ്പനി നിർദിഷ്ട പ്രദേശത്തെ വാഹന ഉടമകളിൽനിന്നും ആർസി ബുക്കിന്റെ പകർപ്പും രണ്ടു തിരിച്ചറിയൽരേഖകളുടെ കോപ്പികളും വാങ്ങുന്നത്.
എന്നാൽ 10 കിലോമീറ്റർ ദൂരപരിധിയിലുള്ളവർക്ക് സൗജന്യപ്രവേശനം നൽകണമെന്ന് ജനപ്രതിനിധികളും സമരരംഗത്തുള്ളവരുമെല്ലാം ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടു വിഭാഗങ്ങളുടെയും വാദങ്ങളും അവകാശങ്ങളും സമന്വയിപ്പിച്ച് അനുരഞ്ജന പരിഹാരം അടുത്തമാസം ആദ്യത്തോടെയുണ്ടാക്കാനാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നത്. ദൂരപരിധിയിൽ പരസ്പരം വിട്ടുവീഴ്ച ചെയ്ത് പ്രശ്നപരിഹാരമാകുമെന്നാണു സൂചന.