ധീരജ് വധക്കേസ്: വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന്
1509704
Friday, January 31, 2025 3:08 AM IST
തൊടുപുഴ: സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഡിസിസി ജറൽ സെക്രട്ടറിയും ധീരജ് വധക്കേസിലെ പ്രതികളുടെ അഭിഭാഷകനുമായ അഡ്വ.കെ.ബി.സെൽവം, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. മോബിൻ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചാനലിനെതിരേയും വ്യാജ ആരോപണം നടത്തിയവർക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
ധീരജ് വധക്കേസിൽ കോടതിയിൽ ഹാജരായി നിയമ സഹായം മാത്രമാണ് താൻ ചെയ്തിട്ടുള്ളത്. അത് തൊഴിലിന്റെ ഭാഗമാണ്. അതേ സമയം കേസ് അട്ടിമറിക്കുന്നതിനോ തെളിവ് നശിപ്പിക്കുന്നതിനോ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ല. ഇടത് സൈബർ കേന്ദ്രങ്ങളിൽ നിന്നും അപകീർത്തിപരമായ സന്ദേശങ്ങൾ വരുന്നുണ്ട്. അതിനെതിരേയും നിയമ നടപടികളുമായി മുന്നോട്ടു പോകും.
അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിൽ നടക്കുന്ന കുപ്രചാരണങ്ങൾ ഇടതു പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഈ വിഷയത്തിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.