അഗളി, മണ്ണാർക്കാട് സബ്സ്റ്റേഷൻ പദ്ധതികൾക്ക് അംഗീകാരം
1509729
Friday, January 31, 2025 3:42 AM IST
പാലക്കാട്: ഹരിതോർജ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് അഗളി, മണ്ണാർക്കാട് സബ്സ്റ്റേഷൻ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
311.11 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ നിന്നും 25 കിലോമീറ്റർ ദൂരത്തിൽ 220 കെവി ലൈൻ വലിച്ച് മണ്ണാർക്കാട് 220 സബ്സ്റ്റേഷൻ സ്ഥാപിക്കുകയും മണ്ണാർക്കാട്ടുനിന്നും അഗളിയിലേക്ക് 25 കിലോമീറ്റർ ദൂരത്തിൽ 220 കെ.വി ലൈൻ വലിച്ച് അഗളിയിൽ സബ്സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്യും. ആധുനിക രീതിയിലുള്ള ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. ഈ പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി അട്ടപ്പാടി മേഖലയിലെ വൈദ്യുതി പുനരുപയോഗ ഊർജസ്രോതസുകൾക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കും.
പദ്ധതിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അട്ടപ്പാടി മേഖലയിൽ 200 മെഗാവാട്ട് വൈദ്യുതി കാറ്റിൽനിന്നും 400 മെഗാവാട്ട് വൈദ്യുതി സോളാറിൽനിന്നും ഉത്പാദിപ്പിക്കാനുള്ള ശേഷിയുള്ളതായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. 33 ശതമാനം കേന്ദ്രസർക്കാർ ധനസഹായവും പദ്ധതിക്ക് ലഭിക്കും.