മലയോര സമരജാഥയ്ക്ക് കുമളിയിൽ സ്വീകരണം നൽകും
1509702
Friday, January 31, 2025 3:08 AM IST
കുമളി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര ജാഥയുടെ സമാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ കുമളിയിൽ പൂർത്തിയായതായി യുഡിഎഫ് നിയോജക മണ്ഡലംതല സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
ഫെബ്രുവരി ഒന്നിന് അടിമാലി, കട്ടപ്പന എന്നിവിടങ്ങളിൽ പര്യടം നടത്തി കുമളിയിൽ സമാപിക്കുന്ന ജാഥയെ യുഡിഎഫ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ച് ബസ് സ്റ്റാൻഡിലുള്ള പൊതു വേദിയിലേക്ക് ആനയിക്കും.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്മെന്റിന്റെ എട്ടര വർഷത്തെ ദുർഭരണം കാർഷിക മേഖലയിൽ വൻ തകർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്.. ഇക്കാലയളവിലെ രണ്ട് ഡസനോളം ഉത്തരവുകളും തീരുമാനങ്ങളും ഹൈറേഞ്ചിലെ ജനങ്ങൾക്ക് കൂച്ച് വിലങ്ങുകളായി മാറി. ജില്ലയിൽ നിന്നു മന്ത്രിയായിരുന്ന എം.എം. മണിയും ഇപ്പോൾ മന്ത്രിയായിരിക്കുന്ന റോഷി അഗസ്റ്റിനും മലയോര കർഷകരേടുള്ള അവഗണന അവസാനിപ്പിക്കണം. സർക്കാരിന്റെ കെടുകാര്യസ്ഥതയും അലംഭാവവും നിമിത്തം ഉണ്ടായിരിക്കുന്ന ദുരിതങ്ങൾ നിരവധിയാണെന്നും സ്വാഗതസംഘം ഭാരവാഹികൾ ചുണ്ടി കാട്ടി.
ജാഥയ്ക്ക് വൈകുന്നേരം അഞ്ചിന് യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി പഞ്ചായത്ത് പൊതുവേദിയിൽ സ്വീകരണം നൽകും. സമ്മേളനത്തിൽ യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ആന്റണി ആലഞ്ചേരി, കണ്‍വീനർ അഡ്വ. സിറിയക് തോമസ്, മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. മുഹമ്മദ്കുട്ടി, ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട്, ഡിസിസി അംഗം സന്തോഷ് പണിക്കർ, മണ്ഡലം പ്രസിഡന്റ് പി.പി. റഹീം എന്നിവർ അറിയിച്ചു.