അഗതികളുടെ കാവൽക്കാരൻ ബ്രദർ ജോസ് മാത്യു വ്രതവാഗ്ദാന സുവർണജൂബിലി നിറവിൽ
1509710
Friday, January 31, 2025 3:09 AM IST
കട്ടപ്പന: അഗതികളുടെ കാവൽക്കാരൻ സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭാംഗം ബ്രദർ ജോസ് മാത്യു വ്രതവാഗ്ദാന സുവർണ ജൂബിലി നിറവിൽ.
കട്ടപ്പന സെന്റ് ജോണ്‍സ് പ്രതീക്ഷാഭവന്റെ അമരക്കാരനായ ബ്രദർ ജോസ് മാത്യു 1974 ഡിസംബർ 25നാണ് സഭാംഗമായി വ്രതവാഗ്ദാനം ചെയ്തത്. സഭയുടെ ഭാരതത്തിലെ സ്ഥാപകനായ ബ്രദർ ഫോർത്തുനാത്തൂസിന്റെ കാരുണ്യ സേവന മാതൃക പിൻതുടർന്ന് സാധുജന സേവനം തുടരുന്ന ബ്രദർ ജോസ് മാത്യുവിന്റെ അഗതി സേവനവും അര നൂറ്റാണ്ട് പിന്നിട്ടു.
2001ൽ കട്ടപ്പന പ്രതീക്ഷാ ഭവന്റെ ഡയറക്ടറായി ചുമതലയേറ്റ ബ്രദർ ജോസ് മാത്യുവിന്റെ കാരുണ്യ സ്പർശമേറ്റു ജീവിത സായാഹ്നങ്ങൾ അഭിമാനകരമാക്കിയവർ നൂറുകണക്കിനാണ്. അനാഥരും ആലംബഹീനരും പാർശ്വവൽക്കരിക്കപ്പെട്ടവരും അദ്ദേഹത്തിന്റെ കാരുണ്യംഏറ്റുവാങ്ങിയവരാണ്.
പാർപ്പിടമില്ലാതെ വലഞ്ഞവരും തുടർ വിദ്യാഭ്യാസത്തിനായി വിഷമിച്ചവരും ബ്രദറിന്റെ ഇടപെടലിൽ രക്ഷപ്രാപിച്ചിട്ടുണ്ട്. സാന്പത്തിക ബുദ്ധിമുട്ടിനാൽ വിവാഹ ജീവിതം തടസപ്പെട്ടിരുന്ന നിരവധി യുവതികൾക്ക് അവരുടെ സ്വപ്നസാക്ഷാൽക്കാരത്തിനു പൂർണത നൽകി. ഒരിക്കലും പുരസ്കാരങ്ങൾക്കോ പ്രശസ്തിക്കോ വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്നതും അഗതികൾക്കായുള്ള ജീവിത സമർപ്പണത്തിന്റെ സ്വർണത്തിളക്കമാണ്.
പാലാ മരങ്ങാട്ടുപിള്ളി തോട്ടത്തിൽ മത്തായി - റോസ ദന്പതിമാരുടെ മകനായി 1950 ഡിസംബർ 29നായിരുന്നു ജനനം. കട്ടപ്പന, ചെന്നൈ പൂനമലൈ ഭവനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ബ്രദർ ജോസ് മാത്യു 1992 മുതൽ 95 വരെ കട്ടപ്പന കമ്യൂണിറ്റി ഡയറക്ടറുമായിരുന്നു. പ്രതീക്ഷാഭവൻ ഡയറക്ടറായി തുടരുന്ന ഇദ്ദേഹം വർഷങ്ങളായി ഇടുക്കി ജില്ലാ ഓർഫനേജ് അസോസിയേഷൻ സെക്രട്ടറിയുമാണ്.