നഗരസഭയ്ക്കെതിരായ ആരോപണം അടിസ്ഥാനരഹിതം: ചെയർപേഴ്സൺ
1583890
Thursday, August 14, 2025 7:21 AM IST
വൈക്കം: നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ നഗരസഭാ ഭരണസമിതിക്കെതിരേ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയച്ചു.
കായലോരബീച്ചിലെ പുല്ലുവെട്ട്, മിനി എംസിഎഫ്, കട്ടിൽവിതരണം, ശൗചാലയങ്ങളുടെ നിർമാണം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്തിയെന്നാണ് സിന്ധു സജീവൻ ആരോപിച്ചത്.
എന്നാൽ, ഈ നാലു പദ്ധതികൾക്കും കൂടി ആകെ നഗരസഭ ഇതുവരെ ചെലവാക്കിയത് 25 ലക്ഷം രൂപ മാത്രമാണെന്ന് പ്രീതാ രാജേഷും പി.ടി. സുഭാഷും പറഞ്ഞു. മഴക്കാലപൂർവ ശുചീകരണത്തിനായി നഗരസഭ അനുവദിച്ച ഒന്നേകാൽ ലക്ഷം രൂപയിൽ 7810 രൂപ സ്വന്തം വാർഡിൽ ഓടയിലെ മാലിന്യം നീക്കിയതിന് മകന്റെ പേരിൽ കൈപ്പറ്റി.
ഇതു സംബന്ധിച്ച ആരോപണം കൗൺസിലിൽ ഉയർന്നതിനെത്തുടർന്ന് ക്ലീൻ സിറ്റി മാനേജരോട് ചെയർപേഴ്സൺ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് ചെയർമാൻ എന്ന നിലയിൽ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ ഏതെങ്കിലും ഒരെണ്ണം തെളിയിച്ചാൽ താൻ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പി.ടി. സുഭാഷ് പറഞ്ഞു.