ഗുഡ്വില് തിയറ്റർ കല്ലറയില്‍ പ്രവർത്തനമാരംഭിച്ചു
1587454
Thursday, August 28, 2025 11:41 PM IST
കോട്ടയം: അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും വൈവിധ്യമാര്‍ന്ന അനുബന്ധ സൗകര്യങ്ങളുമുള്ള വലിയ മള്‍ട്ടിപ്ലക്സ് തിയറ്റർ ഗുഡ്വില് സിനിമാസ് കല്ലറയില്‍ പ്രവർത്തനമാരംഭിച്ചു. വിവിധ വ്യവസായ വാണിജ്യ മേഖലകളില്‍ സാന്നിധ്യമറിയിച്ച ഗുഡ്വില് ഗ്രൂപ്പിന്റെ പുതിയ സംരംഭമാണിത്.
ലേസര്‍ പ്രൊജക്ഷനു മാത്രമുള്ള ഹാര്ക്നസ് ഹ്യൂഗോ സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുള്ള ജെ 1, ജെ 2, ജെ 3 മൂന്നു തിയറ്ററുകളാണ് ഗുഡ്വില് സിനിമാസിലുള്ളത്. 289 സീറ്റുകളുള്ള ജെ ഒന്നില്‍ ക്രിസ്റ്റി 4420 ലേസര്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുന്നു. 38 ചാനലുകളുള്ള 4 കെ ഡോള്‍ബി അറ്റ്മോസ് സിസ്റ്റം ഇവിടെ ദൃശ്യ-ശ്രാവ്യ മാസ്മരികപ്രപഞ്ചം സൃഷ്ടിക്കും.
200 സീറ്റുകള്‍ വീതമുള്ള മറ്റു രണ്ട് തിയറ്ററുകളില്‍ ബാര്‍കോ 2 കെ പ്രൊജക്ടര്‍, ഡോള്‍ബി 7.1 സൗണ്ട് സിസ്റ്റം എന്നിവ സജ്ജമാക്കിയിരിക്കുന്നു. കൃത്യവും സൂക്ഷ്മവുമായ വര്‍ണാനുഭവം സാധ്യമാക്കുന്ന ആര്‍ജിബി ലേസര്‍ സംവിധാനം മൂന്നു സ്ക്രീനുകളിലും പ്രവര്‍ത്തിക്കും. നവീന ഡിസൈനര്‍ സീറ്റുകളാണ് മൂന്നു തിയറ്ററിലും ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന എന്റര്ടെയ്ന്മെന്റ്/റിഫ്രഷ്മെന്റ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
30-ല്‍ പരം ഗെയിമുകള്‍ കളിക്കാവുന്ന ഫണ്‍ ഗാലക്സി, ചായയ്ക്കും കാപ്പിക്കും ഗുഡ്വില് ദെ ചായ്, ജ്യൂസ്-ഫല കൗണ്ടര്‍, സ്നാക്സ്/ഡ്രിങ്ക്സ് പാന്‍ട്രി കിച്ചന്, ടൂക്സി സ്നോ ബാര്‍, ഐസ്ക്രീം കിയോസ്ക് എന്നിവയ്ക്കു പുറമെ ഇവിടെ ഈവി ചാര്‍ജിംഗ് സ്റ്റേഷനുമുണ്ട്.
വൈവിധ്യവും വിശാലവും സമ്പൂര്‍ണവുമായ ഒരു സിനിമാനുഭവം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ഗുഡ്വില് സിനിമാസ് മാനേജിംഗ് ഡയറക്ടര്‍ ജോബി ജോര്‍ജ് പറഞ്ഞു. ഹൃദയപൂര്‍വം, ലോക, ഓടും കുതിര ചാടും കുതിര, മേനേ പ്യാര് കിയാ എന്നീ സിനിമകളാണ് ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുക. ബുക്മൈ ഷോ യിലൂടെ ഓണ്‍ലൈനായും നേരിട്ട് കൗണ്ടറിലും ടിക്കറ്റെടുക്കാം. 04812924444, 2364444.