ഇങ്ങനെ വേണോ? അല്പം വെയ്റ്റ് ചെയ്യൂ!
1587691
Friday, August 29, 2025 11:44 PM IST
എലിവാലി: കൊല്ലപ്പള്ളി-മേലുകാവ് റോഡില്‍ എലിവാലി പള്ളി ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിന്റെ നിര്‍മാണം അശാസ്ത്രീയമെന്നു നാട്ടുകാരുടെ പരാതി.
റോഡില്‍നിന്നു നിശ്ചിത അകലം പാലിക്കാതെയാണ് വെയ്റ്റിംഗ് ഷെഡ് നിർമിക്കുന്നതെന്നാണ് ആക്ഷേപം. യാത്രക്കാര്‍ക്കു ബസില്‍ കയറാനും ഇറങ്ങാനും സാധിക്കാത്ത വിധത്തിലാണ് പണികള്‍ ആരംഭിച്ചിരിക്കുന്നത്. അതുപോലെ യാത്രക്കാര്‍ വെയ്റ്റിംഗ് ഷെഡില്‍ കയറണമെങ്കിലും ഗോവണി വയ്ക്കേണ്ട സ്ഥിതിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പിഡബ്ല്യുഡി റോഡിലേക്കു തള്ളിനിൽക്കുന്നതിനാല്‍ അപകടത്തിനും വാഹനങ്ങൾക്കു മാർഗതടസത്തിനും വഴിവയ്ക്കും. ജിയോവാലി പള്ളി വക ഷോപ്പിംഗ് കോംപ്ലക്സ് മറച്ചാണ് നിർമാണമെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
വെയ്റ്റിംഗ് ഷെഡ് നിര്‍മാണത്തിനു മുമ്പും ശേഷവും ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.
അശാസ്ത്രീയ നിര്‍മാണത്തിനെതിരേ നാളെ രാവിലെ എട്ടിന് എലിവാലി ജംഗ്ഷനില്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കും. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് വിഷയാവതരണം നടത്തും.