കുറവിലങ്ങാട് വചനവിരുന്നിന് തിരിതെളിഞ്ഞു; ആദ്യദിനം പതിനായിരങ്ങൾ
1587449
Thursday, August 28, 2025 11:41 PM IST
കുറവിലങ്ങാട്: പതിനായിരങ്ങളിലേക്ക് തിരുവചനം സമ്മാനിച്ച് പത്താമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന് തുടക്കമായി. ആദ്യദിനം പതിനായിരത്തിലേറെപ്പേരാണ് വചനം സ്വീകരിക്കാനെത്തിയത്. പള്ളിയും പള്ളിയങ്കണത്തിലെ കൂറ്റൻ പന്തലും നിറഞ്ഞുകവിഞ്ഞാണ് വിശ്വാസസാഗരം ഒഴുകിയെത്തിയത്.
രാവിലെ മുതൽ പെയ്തിറങ്ങിയ പ്രകൃതിയെ അനുഗ്രഹമായി ഏറ്റുവാങ്ങിയാണ് അയൽ ജില്ലകളിൽ നിന്നടക്കമുള്ളവർ എത്തിയത്. ആദ്യദിനത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ബിനോയി കരിമരുതുങ്കൽ എന്നിവർ വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രം സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിശുദ്ധ കുർബാനയർപ്പിച്ചു.
പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി പ്രസംഗിച്ചു.
വചനവിരുന്നിൽ ദൈവകൃപയുടെ നീർച്ചാലൊഴുകും:
മോൺ. ഡോ. ജോസഫ് തടത്തിൽ
കുറവിലങ്ങാട്: വചനപ്രഘോഷണവേദികളിൽ ദൈവകൃപയുടെ നീർച്ചാലുകളൊഴുകുമെന്ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ പറഞ്ഞു. പത്താമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്ന മുഖ്യവികാരി ജനറാൾ.
ദൈവസ്നേഹത്തിന്റെ കല്പനകൾ പാലിക്കപ്പെടണം. വെറുപ്പും വിദ്വേഷവും വെടിഞ്ഞ് ദൈവസ്നേഹത്തിന്റെ വക്താക്കളാകണം. ഉത്തരവാദിത്വത്തോടെ ദൈവമക്കളായിരിക്കാൻ ശ്രദ്ധിക്കണം. ഏറ്റവും വലിയ പ്രേഷിതവേദി കുടുംബങ്ങളാണെന്നും മോൺ. ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.