ബോട്ട് ക്ലബിനു പിന്നാലെ ചങ്ങനാശേരിയിൽ ടർഫ് വരുന്നു, കായികമേഖലയിൽ കൂടുതൽ പദ്ധതികൾക്കു സിബിസി
1587457
Thursday, August 28, 2025 11:42 PM IST
ജോൺസൺ പൂവന്തുരുത്ത്
കോട്ടയം: നെഹ്റുട്രോഫി ജലമേളയ്ക്കു മണിക്കൂറുകൾ ശേഷിക്കെ അവസാനവട്ട തയാറെടുപ്പിന്റെയും ഒരുക്കങ്ങളുടെയും ആരവമാണെങ്ങും. കേരളത്തിന്റെ സാംസ്കാരികത്തനിമയുടെ പ്രതീകമായ വള്ളംകളിയുടെ ആരവങ്ങളിൽ അലിഞ്ഞുചേരുകയെന്നത് ഏതൊരു മലയാളിയുടെയും മോഹമാണ്. കോട്ടയം ജില്ലയിലെ നഗരമാണെങ്കിലും ആലപ്പുഴ ജില്ലയോടും ഹൃദയബന്ധം സൂക്ഷിക്കുന്ന പ്രദേശമാണ് ചങ്ങനാശേരി. പ്രളയം പോലെയുള്ള ദുരന്തങ്ങൾ തേടിയെത്തിയ കാലത്തൊക്കെ ആലപ്പുഴയ്ക്കു താങ്ങും തണലും അഭയവുമായി മാറിയതും ചങ്ങനാശേരിയാണ്. അപ്പോൾ ആലപ്പുഴയുടെ ഹൃദയത്തുടിപ്പായ നെഹ്റുട്രോഫി വള്ളം കളിയിൽനിന്നു ചങ്ങനാശേരിക്ക് എങ്ങനെ മാറിനിൽക്കാനാകും.
അങ്ങനെയാണ് രണ്ടു വർഷം മുന്പ് ചങ്ങനാശേരി ബോട്ട് ക്ലബി(സിബിസി)ന്റെ പിറവി. റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിലെയും സമീപപ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരായ സംരംഭകരെയും വള്ളംകളി പ്രേമികളെയുമൊക്കെ ഒറ്റ ചരടിൽ കോർത്തായിരുന്നു ചങ്ങനാശേരി ബോട്ട് ക്ലബിന്റെ രൂപീകരണം.
പണ്ടേ വള്ളംകളി പ്രേമിയും കഴിഞ്ഞ അഞ്ചു വർഷമായി വള്ളംകളി രംഗത്ത് സജീവ സാന്നിധ്യവുമായ ഇടിമണ്ണിക്കൽ ജ്വല്ലറി ഗ്രൂപ്പിന്റെ അമരക്കാരൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ ക്യാപ്റ്റൻസ്ഥാനം ഏറ്റെടുത്തതോടെ ആവേശം പതിന്മടങ്ങായി. ആ ആവേശം ഹൃദയത്തിലേറ്റിയാണ് കഴിഞ്ഞ തവണ കന്നി മത്സരത്തിൽ ആദ്യ ഒൻപതിൽ എത്തി സിബിഎല്ലിനു യോഗ്യത നേടിയത്.
ഇത്തവണ ചന്പക്കുളം ചുണ്ടനിലേറിയാണ് സിബിസി പോരാട്ടത്തിന് ഇറങ്ങുന്നത്. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോബി പുതുപ്പറന്പ്, ബർസാർ ഫാ. ലിബിൻ തുണ്ടുകളം, സിബിസി രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ പുന്നശേരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനവും ഒരുക്കങ്ങളും. ഒാർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളും ഡയറക്ടർ ബോർഡ് അംഗങ്ങളും ഒപ്പമുണ്ട്. ബൈജപ്പനാണ് ലീഡിംഗ് ക്യാപ്റ്റൻ.
കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി പാരീഷ്ഹാളിൽ നടന്ന ചിട്ടയായ പരിശീലനത്തിനു ശേഷമാണ് പുന്നമടയിലേക്ക് എത്തുന്നത്. പരിശീലന സമയത്ത് ആവേശം പകരാൻ നൂറുകണക്കിനു പേർ ഇരുകരകളിലുമെത്തിയിരുന്നു. എന്നാൽ, വള്ളംകളിയിൽ മാത്രം ഒതുങ്ങുകയല്ല ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്നു ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ പറയുന്നു. അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക്.
ചങ്ങനാശേരിയും വള്ളംകളിയും തമ്മിൽ?
ഒരേ മനസും താളവുമാണ് ആലപ്പുഴയ്ക്കും ചങ്ങനാശേരിക്കും. വള്ളംകളിയുടെ കാര്യത്തിലും അങ്ങനെ തന്നെ. കുട്ടനാട് മേഖലയിൽനിന്നു കുടിയേറിയ നൂറു കണക്കിനു കുടുംബങ്ങൾ ചങ്ങനാശേരിക്കു പരിസരത്തുണ്ട്. അവരുടെയെല്ലാം സ്വപ്നസാഫല്യമായിരുന്നു ചങ്ങനാശേരിക്ക് ഒരു ബോട്ട് ക്ലബ്. ഒരു മികച്ച വള്ളംകളി ടീമിനെയും വാർത്തെടുക്കാൻ അതുവഴി കഴിഞ്ഞു.
ബിസിനസുകാർ പലരും വള്ളംകളി രംഗത്ത് ഇടയ്ക്കൊക്കെ മിന്നിമറയാറുണ്ട്. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി അങ്ങ് ഈ രംഗത്ത് സജീവസാന്നിധ്യമാണല്ലോ?
ബിസിനസ് പ്രമോഷൻ മാത്രം ലക്ഷ്യമിട്ട് ഈ രംഗത്തേക്കു വന്ന ആളല്ല ഞാൻ. ചങ്ങനാശേരി ബോട്ട് ക്ലബിനു മുന്പ് കൈനകരി എസ്എച്ച് ബോട്ട് ക്ലബ് ആയിരുന്നു എന്റെ പ്രവർത്തന രംഗം. ജനത്തിന്റെ കൂട്ടായ്മയും മതസൗഹാർദവും നാടിന്റെ പുരോഗതിയും ലക്ഷ്യമാക്കിയാണ് ഈ രംഗത്തു സജീവമായി നിൽക്കുന്നത്.
ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ലക്ഷ്യം വള്ളംകളി
മാത്രമാണോ?
ഒരിക്കലുമല്ല. എല്ലാവരെയും കോർത്തിണക്കി പുതിയൊരു കായികസംസ്കാരം രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമങ്ങളിലാണ് ഞങ്ങൾ. വള്ളംകളിക്ക് അപ്പുറത്തേക്ക് യുവതലമുറയെ ആകർഷിക്കുന്ന മറ്റു കായിക മേഖലകളിലും വരും വർഷങ്ങളിൽ ബോട്ട് ക്ലബ് സജീവമാകും. ചങ്ങനാശേരിക്ക് ഒരു ടർഫ് എന്നത് ആലോചനയിലുണ്ട്. വൈകാതെ അതു സഫലമാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ചങ്ങനാശേരി, ആലപ്പുഴ മേഖലയിലെ കായികരംഗം കൂടുതൽ മെച്ചപ്പെടും.
വള്ളംകളി മേഖലയിൽ സജീവമായി ഇറങ്ങിയപ്പോഴുള്ള അനുഭവം?
ഒരു കായിക വിനോദം എന്നതിനേക്കാൾ നമ്മുടെ നാടിനോടുള്ള സ്നേഹവും കൂട്ടായ്മയും ഉള്ളിലുറപ്പിക്കാനുള്ള അവസരംകൂടിയാണിത്. ഇത്തരം വിനോദങ്ങളിൽ യുവതലമുറയെ കൂടുതൽ ഉൾപ്പെടുത്തണം. ഇതിന്റെ ഹരം ഉള്ളിൽ പതിഞ്ഞാൽ ലോകത്ത് ഏതു കോണിലേക്കു പറന്നാലും ഈ നാട്ടിലേക്കു തിരിച്ചുവരാനുള്ള മോഹം ഉണ്ടാകും.
ലഹരിവിപത്ത് യുവതയ്ക്കു മേൽ കരിനിഴൽ
വീഴ്ത്തുകയല്ലേ?
ലഹരിയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗം യുവതലമുറയെ കായികവിനോദങ്ങളിലേക്കു കൊണ്ടുവരിക എന്നതാണ്. എസ്ബി കോളജും അസപ്ഷനുമൊക്കെ കായികരംഗത്തു നിരവധി പ്രതിഭകളെ സമ്മാനിച്ച കലാലയങ്ങളാണ്. അതേ മാതൃകയിൽ കൂടുതൽ പേരെ കായികരംഗത്തേക്ക് ആകർഷിക്കാൻ സിബിസി പദ്ധതിയൊരുക്കും. ടർഫ് അത്തരമൊരു കാൽവയ്പാണ്. കുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ കൂടുതൽ സൗകര്യവും പ്രോത്സാഹനവും നൽകുക എന്നതാണ് പ്രധാനം.
യുവതലമുറയിൽ വലിയൊരു വിഭാഗം
മറ്റു രാജ്യങ്ങളിലേക്കു കുടിയേറുകയാണല്ലോ?
അവിടെയാണ് ഈ വള്ളംകളി പോലുള്ള കൂട്ടായ്മകളുടെ പ്രാധാന്യം. മികച്ച ജോലിയും സൗകര്യങ്ങളും തേടി യുവാക്കൾ പൊയ്ക്കൊള്ളട്ടെ. എന്നാൽ, കാശും സൗകര്യങ്ങളുമൊക്കെ മെച്ചപ്പെടുന്പോൾ നാട്ടിലേക്കു തിരികെ വരാൻ പ്രേരിപ്പിക്കുന്ന ഒരു ഇന്ധനം അവർക്കുള്ളിലുണ്ടാകണം. ആ ഇന്ധനമാണ് ഇതുപോലുള്ള വിനോദങ്ങൾ ആളുകളുടെ ഉള്ളിൽ നിറയ്ക്കുന്നത്. നാടിനോടും രാജ്യത്തോടുമുള്ള കലർപ്പില്ലാത്ത സ്നേഹത്തിന്റെ ആവേശത്തുഴകൾ പുന്നമടയിൽ ഉയരട്ടെ.