ടി.കെ. ലതികയ്ക്ക് ലോംഗ് സർവീസ് അവാർഡ്
1587697
Friday, August 29, 2025 11:44 PM IST
കാഞ്ഞിരപ്പള്ളി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതലത്തിൽ നൽകുന്ന ലോംഗ് സർവീസ് ഡെക്കറേഷൻ അവാർഡിന് കാഞ്ഞിരപ്പള്ളി എകെജെഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ടി.കെ. ലതിക അർഹയായി.
തിരുവനന്തപുരം ശിക്ഷക്സദനിൽ നടന്ന ചടങ്ങിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ചീഫ് കമ്മീഷണറും സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ എൻ.എസ്. ഉമേഷിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ കബ് ബുൾബുൾ കമ്മീഷണറായും എകെജെഎം ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് ക്യാപ്റ്റനായും സേവനം ചെയ്യുന്ന ടി.കെ. ലതികയ്ക്ക് ഗൈഡ് ക്യാപ്റ്റനായി ദീർഘകാലം നൽകിയ സേവനത്തിനാണ് അവാർഡ്.
സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. പീറ്റർ മുല്ലൂപറമ്പിൽ, പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമലയിൽ, സ്കൗട്ട് അഡൾട്ട് റിസോഴ്സ് ജില്ലാ കമ്മീഷണർ ഫാ. വിൽസൺ പുതുശേരി, പിടിഎ പ്രസിഡന്റ് ജോജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.