പാലാ രൂപതയും വിളക്കുമാടവും ആഹ്ലാദത്തില്‍
1587686
Friday, August 29, 2025 10:45 PM IST
പാലാ: ഉജ്ജൈന്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ (72) നിയമിതനായതിന്റെ ആഹ്ലാദത്തിൽ പാലാ രൂപതയും ജന്മനാടായ വിളക്കുമാടവും വടക്കേല്‍ കുടുംബവും. പാലാ രൂപതയില്‍പ്പെട്ട വിളക്കുമാടം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗമാണ്.
ആത്മീയചൈതന്യം നിറഞ്ഞു നില്ക്കുന്ന പ്രാര്‍ഥനാനിരതമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നു നാട്ടുകാരും വിശ്വാസികളും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസം ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുക്കുന്നതിനും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുന്നതിനും അദ്ദേഹം എത്തിയിരുന്നു.
നാട്ടിലെത്തുമ്പോഴൊക്കെ അയല്‍വാസികളോടും ബന്ധുമിത്രാദികളോടും കൂടാതെ പാലാ ബിഷപ്സ് ഹൗസിലെത്തി മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനോടും മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോടും സ്നേഹാന്വേഷണങ്ങള്‍ നടത്തിയേ മടങ്ങാറുള്ളൂ.
വിളക്കുമാടം വടക്കേല്‍ പരേതരായ ദേവസ്യയുടെയും മേരിയുടെയും മകനായി 1952 ഒക്ടോബര്‍ ഏഴിനാണ് ജനനം. പത്താം ക്ലാസ് വരെ വിളക്കുമാടം സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ പഠനം. തുടര്‍ന്ന് സെന്റ് തോമസ് മിഷനറി സൊസൈറ്റി വൈദിക വിദ്യാര്‍ഥിയായി മേലമ്പാറ ദീപ്തിയില്‍ പഠനം.
1979 ഏപ്രില്‍ 19നു വൈദികനായി. മേലമ്പാറ ദീപ്തി സെമിനാരിയില്‍ പ്രഫസര്‍, റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റോമില്‍നിന്നു കാനന്‍ നിയമത്തില്‍ പിഎച്ച്ഡി നേടിയ അദ്ദേഹം ഉജ്ജൈന്‍ കത്തീഡ്രല്‍ വികാരി, എംഎസ്ടി സഭാ ഡയറക്ടര്‍ ജനറല്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1998 സെപ്റ്റംബര്‍ എട്ടിന് ഉജ്ജൈന്‍ രൂപതയുടെ അധ്യക്ഷനായി നിയമിതനായി. ഇപ്പോള്‍ മെത്രാപ്പോലീത്ത പദവിയിലേക്ക്.
വി.ഡി.തോമസ്, റോസമ്മ ചെത്തിമറ്റത്തില്‍, ജോസ്, മാത്യു, ജെസി കാരക്കാട്ട് എന്നിവരാണു സഹോദരങ്ങള്‍.