നാടെങ്ങും ഓണാഘോഷം
1587670
Friday, August 29, 2025 6:55 AM IST
കല്ലറ: കേരള സാമൂഹ്യ സുരക്ഷാ മിഷന് വയോമിത്രം പദ്ധതിയുടെയും കല്ലറ സഹൃദയ പകല്‍വീട് വയോജന ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡന്റ് ടി.ഐ. ദാമോധരന് അധ്യക്ഷത വഹിച്ചു.
ഡോ. രാധാമണി, ഡോ.ജോയല്‍, സാമൂഹ്യ സുരക്ഷാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ശ്രീജിഷ, അജിത് കുമാര്‍, തോമസ് മണപ്പാടാന് എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ മൈത്രിനഗര്‍ റസിഡനന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും കുടുംബമേളയും 30ന് കാണക്കാരി ആശുപത്രിപ്പടി ജംഗ്ഷനിലുളള എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതു മുതല്‍ കായിക കലാമത്സരങ്ങളും ഉച്ചയ്ക്ക് ഓണസദ്യയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.
അസോസിയേഷന് പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷന് അധ്യക്ഷത വഹിക്കും. ആഘോഷപരിപാടികള്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും നല്ല ജനകീയ മന്ത്രിക്കുളള അസോസിയേഷന്റെ പുരസ്കാരം മന്ത്രി വി.എന്‍. വാസവന് യോഗത്തില്‍ സമ്മാനിക്കും.
മോന്‍സ് ജോസഫ് എംഎല്‍എയ്ക്കും പുരസ്കാരം സമ്മാനിക്കും. ലഹരിക്കെതിരേ ഓട്ടന്‍തുളളല്‍ നടത്തുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജിനെയും വിദ്യാഭ്യാസ രംഗത്തെ ഉന്നതവിജയം നേടിയ കുട്ടികളെയും മന്ത്രി പുരസ്കാരം നല്കി ആദരിക്കും.
പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കും. എക്സൈസ് ഇന്‍സ്പെക്ടര്‍ ജയരാജിന്റെ ഓട്ടന്‍തുളളല്‍, സിം ദക്ഷിണകലാസമിതിയുടെ കൈകൊട്ടിക്കളി, പ്രഫ. സാം രാജിന്റെ മാജിക് ഷോ, ധ്വനി മ്യൂസിക്കിന്റെ ഗാനമേള തുടങ്ങിയ പരിപാടികളും നടക്കും.