അപകടത്തിലായ അരയാലിന് അന്ത്യം
1587666
Friday, August 29, 2025 6:55 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിന് മുന്നില്‍ റോഡിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്ന അരയാല്‍ വെട്ടിനീക്കാൻ തുടങ്ങി. മരം അപകട ഭീഷണിയുയര്‍ത്തുന്നതായി കഴിഞ്ഞ ദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവധിദിവസമായ ഇന്നലെ രാവിലെ മുതല്‍ പോലീസിന്റെ സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് മരം വെട്ടൽ ആരംഭിച്ചത്.
തിരക്കേറിയ ഏറ്റുമാനൂര്‍-വൈക്കം റോഡിന്റെ ഓരത്ത് നില്ക്കുന്ന മരമായതിനാല്‍ ഗതാഗതം നിയന്ത്രിച്ചാണ് മരം വെട്ടുന്നത്. കമ്പുകള്‍ വെട്ടി വടത്തില്‍ കെട്ടിയാണ് താഴെയിറക്കുന്നത്. ഇന്നലെ കനത്ത മഴയായതിനാല്‍ പണികള്‍ ഉദ്ദേശിച്ച വേഗത്തില്‍ നടന്നില്ല. എങ്കിലും മരത്തിന്റെ വലിയ ശിഖരങ്ങള്‍ പലതും വെട്ടിയിറക്കാനായി. പിഡബ്ല്യുഡിയുടെ നേതൃത്വത്തിലാണ് മരം വെട്ടിനീക്കുന്നത്.
സ്കൂളിനു മുന്നിലെ മരം അപകടാവസ്ഥയിലാണെന്നും മരം വെട്ടി നീക്കണമെന്നും ആവശ്യപെട്ട് പ്രധാനാധ്യാപിക പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു. പഞ്ചായത്ത് അപേക്ഷ പിഡബ്യൂഡിക്ക് കൈമാറി. പിഡബ്ല്യുഡി അപേക്ഷ ജില്ലാ പഞ്ചായത്തിന്റെ ട്രീ കമ്മിറ്റിക്ക് കൈമാറുകയും അടിയന്തര സ്വഭാവമുള്ളതിനാല്‍ ട്രീ കമ്മിറ്റി മരം വെട്ടി നീക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
മരത്തിന്റെ അടിഭാഗത്ത് ആഴത്തിലുള്ള വിടവുണ്ടായിരുന്ന അവസ്ഥയിലായിരുന്നു. പാമ്പുകളടക്കമുള്ള ഇഴജന്തുക്കള്‍ മരത്തിനു ചുവട്ടിലുള്ള ഈ വിടവ് താവളമാക്കിയിരുന്നു. പുറമേയുള്ള വേരിലാണ് മരം നിന്നിരുന്നത്. സ്കൂള്‍ കുട്ടികളും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ മരത്തിനു ചുവട്ടിലൂടെയാണ് സഞ്ചരിച്ചിരുന്നത്. മരം മറിഞ്ഞാല്‍ സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്കോ കോട്ടയം-എറണാകുളം സംസ്ഥാന പാതയിലേക്കോ വീഴു ന്ന സ്ഥിതിയായിരുന്നു.
റോഡരികില്‍ നില്ക്കുന്ന ഈ മരം കൂടാതെ സ്കൂള്‍ കോമ്പൗണ്ടിലും അപകടാവസ്ഥയില്‍ ഒരു പാഴ്മരം സ്ഥിതി ചെയ്യുന്നുണ്ട്. ഇതും ഈ അവധിക്കാലത്തുതന്നെ വെട്ടിനീക്കുമെന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിജു കൊണ്ടുകാലാ അറിയിച്ചു.