നെഹ്റു ട്രോഫിയിൽ കുമരകം പെരുമ
1587456
Thursday, August 28, 2025 11:41 PM IST
കുമരകം: നാളെ ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ 21 ജലരാജാക്കന്മാര് ഏറ്റുമുട്ടുമ്പോള്‍ ഏഴു ചുണ്ടനുകളുടെയും ഒന്നാം അമരത്ത് അണിനിരക്കുന്നത് കുമരകത്തെ താരങ്ങള്‍.
മേല്‍പ്പാടം ചുണ്ടന്:
പ്രസന്നന് കല്ലുപുരയ്ക്കല്‍
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇക്കുറി മത്സരിക്കുന്ന മേല്‍പ്പാടന്‍ ചുണ്ടന്റെ ഒന്നാം അമരത്ത് തുഴയെറിയുന്നത് കുമരകം കല്ലുപുരയ്ക്കല്‍ പ്രസന്നന് ആണ്. കുമരകത്തെ ചെറിയ കളിവള്ളങ്ങളില്‍ തുഴഞ്ഞായിരുന്നു രംഗപ്രവേശം. കഴിഞ്ഞ വര്‍ഷം കാരിച്ചാല്ചുണ്ടനില് ക്ലബ് വിജയിച്ചപ്പോഴും ഒന്നാം അമരത്ത് പ്രസന്നന് ആയിരുന്നു.
വീയപുരം ചുണ്ടന്:
രാജീവ് രാജു
കൈനകരി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്റെ ഒന്നാം അമരം കാക്കുന്നത് കുമരകം കായിപ്പുറം രാജീവ് രാജുവാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് രാജീവ് ക്ലബ്ബിനുവേണ്ടി തുഴയാന്‍ എത്തുന്നത്. അതിനു മുമ്പ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ രണ്ടാം അമരക്കാരനായിരുന്നു.
നിരണം ചുണ്ടന്:
സതീഷ്, സുരേഷ്
നിരണം ബോട്ട് ക്ലബ് അണിനിരക്കുന്ന നിരണം ചുണ്ടന്റെ ഒന്നാം അമരത്തും രണ്ടാം അമരത്തും പങ്കായം പിടിക്കുന്നത് സഹോദരങ്ങളായ കുമരകം കരിവേലില്‍ സതീഷും സുരേഷുമാണ്. സതീഷാണ് ഒന്നാം പങ്കായക്കാരന്. കുമരകം വേമ്പനാട് ബോട്ട് ക്ലബ് രണ്ടു തവണ കപ്പ് നേടിയപ്പോഴും സതീഷും സുരേഷുമായിരുന്നു അമരത്ത്.
ജവഹര്‍ തായങ്കരി:
പൊന്നപ്പന് കരീത്ര
തായങ്കരി ഫ്രണ്ട്സ് ബോട്ട് ക്ലബ്ബിന്റെ ജവഹര്‍ തായങ്കരി ചുണ്ടന്റെ ഒന്നാം അമരത്ത് നിലയുറപ്പിക്കുന്നത് പൊന്നപ്പന് കരീത്രയാണ്. കുട്ടനാട്ടിലെ നിരവധി ബോട്ട് ക്ലബ്ബുകള്‍ക്കുവേണ്ടി കളിവള്ളങ്ങളില്‍ അമരക്കാനായി സേവനം അനുഷ്ഠിച്ച താരമാണ് പൊന്നപ്പന് കരീത്ര. ചുണ്ടന് വള്ളങ്ങളുടെ അമരക്കാരനായി നിലയുറപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.
നടുഭാഗം ചുണ്ടന്:
സുരേഷ് നാഷ്ണാന്ത്ര
പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനില്‍ ഒന്നാം അമരക്കാരനായ സുരേഷ് നാഷ്ണാന്ത്രയും കുമരകം നിവാസിയാണ്. കെടിബിസിയില് തുഴഞ്ഞുതുടങ്ങിയ സുരേഷ് അമരക്കാരനായി നില ഉറപ്പിച്ചിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു.
പായിപ്പാടന് ചുണ്ടന്:
അനൂപ് തട്ടേല്‍
കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടന് ചുണ്ടനില്‍ ഒന്നാം അമരക്കാരന് അനൂപ് തട്ടേലാണ്. കേരള പോലീസ് ബോട്ട് ക്ലബ്ബിന്റെ അമരക്കാരനായിരുന്നു അനൂപ്. ഇക്കുറി പോലീസ് ബോട്ട് ക്ലബ് ചുണ്ടൻ തുഴയാത്തതിനാല് അനൂപ് ടൗണ്‍ ബോട്ട് ക്ലബ്ബില്‍ ഒന്നാം അമരത്തെത്തുകയായിരുന്നു.
നടുവിലേപ്പറമ്പന്‍ ചുണ്ടന്:
ജിഫി ഫെലിക്സ്
കുമരകത്തിന്റെ സ്വന്തം ചുണ്ടനായ നടുവിലേപ്പറമ്പന്‍ ചുണ്ടന്റെ ഒന്നാം അമരക്കാരന് വള്ളത്തിന്റെ ഉടമയായ ജിഫി ഫെലിക്സ് നടുവിലേപ്പറമ്പിലാണ്. വള്ളംകളിയുടെ ആവേശം മൂത്ത് സ്വന്തമായി ചുണ്ടന് വള്ളം വാങ്ങുകയായിരുന്നു. ഇല്ലിക്കളം ചുണ്ടന് വാങ്ങി പുതുക്കി പണിതിറക്കിയതാണ് നടുവിലേപ്പറമ്പന്‍ ചുണ്ടന്. വള്ളംകളിക്കുന്നതിനായി എല്ലാവര്‍ഷവും വിദേശത്തുനിന്നും എത്തുകയാണ് ഈ വള്ളംകളിപ്രേമി.