മുണ്ടക്കയത്ത് ഇറങ്ങിയാൽ നായകടി സൗജന്യം!
1587698
Friday, August 29, 2025 11:44 PM IST
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും സമീപപ്രദേശങ്ങളിലും തെരുവുനായശല്യം കാരണം ജനങ്ങൾക്കു വഴി നടക്കാൻ കഴിയാത്ത സ്ഥിതി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തെരുവുനായ്ക്കൾ ജനവാസ മേഖലയിൽ തമ്പടിക്കുന്നത് പൊതുജനങ്ങൾക്കു ഭീഷണിയായി മാറുകയാണ്. കഴിഞ്ഞ ദിവസം മുണ്ടക്കയം പൈങ്ങനായിൽ രണ്ടുപേർക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. ഇന്നലെ രാത്രി മുണ്ടക്കയം ഇളംബ്രാമല സ്വദേശി സതീഷിന്റെ ഓട്ടോറിക്ഷയുടെ സീറ്റും പടുതയും കൂട്ടമായെത്തിയ നായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചു.
പൈങ്ങന, 31-ാംമൈൽ, വരിക്കാനി, ചെളിക്കുഴി അടക്കമുള്ള പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ ഭീഷണി ഉയർത്തുന്നുണ്ട്. രാത്രികാലങ്ങളിൽ മുണ്ടക്കയം ടൗണും ബൈപാസും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
നായ്ക്കളെ
ഇറക്കിവിടുന്നോ?
പലപ്പോഴും തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നു പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്. വൈകുന്നേരങ്ങളിലും പ്രഭാതത്തിലും വ്യായാമത്തിനും വിശ്രമത്തിനുമൊക്കെയായി നിരവധി ആളുകൾ മുണ്ടക്കയം ബൈപാസ് തെരഞ്ഞെടുക്കുന്നുണ്ട്. എന്നാൽ, തെരുവുനായ്ക്കളെ പേടിച്ചുവേണം ഇവിടെ ഇറങ്ങി നടക്കാൻ.
തെരുവനായ്ക്കളെ സംരക്ഷിക്കാനോ നിയന്ത്രിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും മുണ്ടക്കയം മേഖലയിലോ സമീപ പ്രദേശങ്ങളിലോ ഇല്ല. ഇതിനിടെ, മറ്റു സ്ഥലങ്ങളിൽനിന്നു തെരുവുനായ്ക്കളെ കൂട്ടത്തോടെ മുണ്ടക്കയം മേഖലയിൽ കൊണ്ടുവന്ന് ഇറക്കിവിടുന്നതായും പരാതിയുണ്ട്. രാത്രികാലങ്ങളിൽ വിജനമാകുന്ന മുണ്ടക്കയം ബൈപാസിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ഇറക്കിവിടുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.