വലിയകുളം ബ്ലാക്ക്സ്പോട്ട് ജംഗ്ഷനില്‍ ഇനിയെങ്കിലും വേണ്ടേ സുരക്ഷ?
1587672
Friday, August 29, 2025 6:55 AM IST
ചങ്ങനാശേരി: നാറ്റ്പാക് അപകടമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ചങ്ങനാശേരി-വാഴൂര്‍ റോഡിലെ വലിയകുളം ജംഗ്ഷനില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വൈകരുതെന്ന അഭിപ്രായം ഉയരുന്നു. ചീരഞ്ചിറ, പുതുച്ചിറ റോഡുകള്‍ വാഴൂര്‍ റോഡില്‍ സംഗമിക്കുന്ന ജംഗ്ഷനാണിത്.
കുരിശുംമൂട്, തെങ്ങണ ഭാഗങ്ങളില്‍നിന്നും അതിവേഗതയില്‍ വാഹനങ്ങളെത്തുമ്പോള്‍ ചീരഞ്ചിറ റോഡില്‍നിന്നും ജംഗ്ഷനിലേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ചീരഞ്ചിറ റോഡില്‍നിന്നു വരുന്ന വാഹനങ്ങളുടെ കാഴ്ചമറയ്ക്കുന്ന തരത്തിലാണ് ജംഗ്ഷനിലെ തടിമില്ല് സ്ഥിതി ചെയ്യുന്നത്.
ഈ റോഡില്‍നിന്നു തെങ്ങണ, കുരിശുംമൂട് ഭാഗങ്ങളിലേക്കു തിരിയുമ്പോള്‍ വാഴൂര്‍ റോഡിലൂടെ വേഗത്തില്‍ എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും പതിവാണ്. ഈ ജംഗ്ഷനില്‍ വിവിധ അപകടങ്ങളിലായി ഒരു ഡസനോളം ആളുകള്‍ മരണപ്പെടുകയും പരിക്കേറ്റ ഏതാനുംപേര്‍ ചികിത്സയിലുമാണ്.
ദിശാബോര്‍ഡുകള്‍ മാഞ്ഞു
ജംഗ്ഷനാണെന്ന് അറിയിക്കുന്ന ദിശാബോര്‍ഡുകള്‍ ഇവിടെയില്ല. ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ ഡിവൈഡര്‍, സീബ്രാ ലൈനുകളും അപ്രത്യക്ഷമാണ്.
മടുക്കമൂടിനും വലിയകുളത്തിനുമിടയിലുള്ള നേരിയ വളവും കയറ്റവും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. അനധികൃത കൈയേറ്റങ്ങളും പാര്‍ക്കിംഗും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
വലിയകുളം-ചീരഞ്ചിറ-പാറപ്പാട്ടുപടി റോഡ് വികസനസാധ്യതാ പട്ടികയില്‍
വലിയകുളത്തുനിന്നുമാരംഭിച്ച് ചീരഞ്ചിറവഴി തെങ്ങണ-ഏറ്റുമാനൂര്‍ റോഡില്‍ പ്രവേശിക്കുന്ന റോഡും പാത്തിക്കല്മുക്ക്-പുതുച്ചിറ-ഏനാചിറ റോഡും വികസന സാധ്യതാപട്ടികയിലുള്ളതാണ്. ഈ റോഡുകളുടെ വികസനം സാധ്യമായാല്‍ കുരിശുംമൂട്, തെങ്ങണ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കും തടസങ്ങളും ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ റോഡുകളുടെ വികസനത്തിന് വലിയകുളം ജംഗ്ഷന്റെ വളര്‍ച്ച അനിവാര്യമാണ്. വലിയകുളം ജംഗ്ഷനടുത്തുള്ള സ്വകാര്യഫ്ളാറ്റും ചീരഞ്ചിറ ബാങ്കിനു സമീപത്ത് ആരംഭിക്കുന്ന സ്വകാര്യ ഗോഡൗണും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ വലിയകുളത്തെ തിരക്ക് വര്‍ധിക്കാനിടയുണ്ട്.
ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ വാഴപ്പള്ളി പഞ്ചായത്ത്, പൊതുമരാമത്തുവകുപ്പ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കൂട്ടായ ആലോചനകള്‍ നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.