ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചു
1587656
Friday, August 29, 2025 6:43 AM IST
പാമ്പാടി: ബൈക്കിന് സൈഡ് കൊടുക്കാന്‍ വൈകിയതിന് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞദിവസം രാത്രി 8.45നു പാമ്പാടി മാക്കപ്പടിയിലാണ് സംഭവം. കോട്ടയം-പള്ളിക്കത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മേരിമാത ബസിലെ ജീവനക്കാര്ക്കുനേരേയായിരുന്നു അക്രമം.
ഡ്രൈവര്‍ മറ്റക്കര സ്വദേശി വിഷ്ണു (29), കണ്ടക്ടര്‍ മറ്റക്കര സ്വദേശി അഖില്‍ (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം തടയാൻ ശ്രമിച്ച സ്ത്രീകളടക്കമുള്ള യാത്രക്കാരെയും കൈയേറ്റം ചെയ്തു തെറിയഭിഷേകം നടത്തി. പോലീസെത്തി കണ്ടക്ടറെയും ഡ്രൈവറെയും രക്ഷപ്പെടുത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അക്രമി സംഘം പിന്തുടര്ന്ന് സ്റ്റേഷനിലെത്തി ബസുടമയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
സംഭവത്തിൽ ബസ് ജീവനക്കാരും ഉടമയും പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി. യാത്രക്കാരായ സ്ത്രീകളും പരാതി നല്‍കിയിട്ടുണ്ട്. പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ ചില പോലീസുകാര്‍ ശ്രമിച്ചതായി ബസുടമ ആരോപിച്ചു.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചില്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിക്ക് അസോസിയേഷന് പരാതി നല്‍കുകയും സമരം അടക്കമുള്ള കാര്യങ്ങളിലേക്കു നീങ്ങുകയും ചെയ്യുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി സുരേഷ് പറഞ്ഞു. ബസ് ജീവനക്കാർ മർദിച്ചെന്ന് ആരോപിച്ചു ബൈക്ക് യാത്രികരും പരാതി നൽകിയതായി പോലീസ് പറഞ്ഞു.