നീതി ലഭിക്കാന്‍ ചാക്കോ നടത്തിയത് 18 വര്‍ഷത്തെ പോരാട്ടം
1587450
Thursday, August 28, 2025 11:41 PM IST
പാലാ: ബധിരനും മൂകനും 78 വയസ് പ്രായവുമുള്ള നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയും നീതിക്കുവേണ്ടി നടത്തിയത് പതിനെട്ട് വര്‍ഷത്തെ പോരാട്ടം. സ്വന്തം ഭൂമി പോക്കുവരവ് ലഭിച്ച് കിട്ടുന്നതിനു വേണ്ടിയാണ് ഇവര്‍ ഇത്രയും നാള് പോരാട്ടം നടത്തിയത്. പാലാ പൗരാവകാശ സമിതിയുടെയും ഹൈക്കോടതിയുടെയും ഇടപെടലുകളാണ് ഇവര്‍ക്ക് തുണയായത്.
1988 ല്‍ വിലയാധാരപ്രകാരം നീലൂര്‍ പൂവേലില്‍ ചാക്കോയുടെ പേരില്‍ രാമപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ നാല് ഏക്കര്‍ ഭൂമിയാണ് ഇതുവരെ പോക്കുവരവ് ചെയ്ത് നല്കാതെയിരുന്നത്. 1991ലെ റീസര്‍വേ സമയത്ത് മറ്റുചിലരുടെ പേരില്‍ ചാക്കോയുടെ ഭൂമി പോക്കുവരവ് ചെയ്ത് നല്‍കിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കാനായി വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണാധികാരികള്‍ക്കും പലതവണ നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
2017ല്‍ പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പ്രശ്നത്തില്‍ ഇടപെടുകയും തുടര്‍ന്ന് താലൂക്ക് ഓഫീസ് പടിക്കല്‍ സമരം നടത്തുകയും ചെയ്തു. ജില്ലാ കളക്ടറുടെയും ഹൈക്കോടതിയുടെയും ഉത്തരവും ലഭിച്ചിട്ടും ചാക്കോയ്ക്ക് പോക്കുവരവ് ചെയ്ത് നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഈ മാസം 19ന് വീണ്ടും താലൂക്ക് ഓഫീസില്‍ സമരം നടത്തി.
സമര സ്ഥലത്ത് എത്തിയ മീനച്ചില്‍ തഹസില്‍ദാര്‍ ലിറ്റിമോള്‍ ജോസഫ്, ഭൂരേഖ തഹസില്‍ദാര്‍ സീമ ജോസഫ് എന്നിവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പോക്കുവരവ് ചെയ്ത് നല്‍കാമെന്ന അറിയിക്കുകയും അവരുടെ ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കടനാട് വില്ലേജ് ഓഫീസില്‍ ചാക്കോയുടെ പേരില്‍ കരം അടച്ചു.