വൈക്കം മണ്ഡലത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ബഡ്സ് സ്കൂള്‍ വെള്ളൂരില്‍
1583887
Thursday, August 14, 2025 7:21 AM IST
പെരുവ: വൈക്കം നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ബഡ്സ് സ്കൂള്‍ വെള്ളൂരില്‍ സ്ഥാപിക്കും. കുടുംബശ്രീമിഷനും വെള്ളൂര്‍ പഞ്ചായത്തും സംയുക്തമായി ഒരു പഞ്ചായത്തില്‍ ഒരു ബഡ്സ് സ്കൂള്‍ എന്ന കുടുംബശ്രീമിഷന്റെ കാഴ്ചപ്പാടിനെ സഫലമാക്കിയാണ് വെള്ളൂരില്‍ ബഡ്സ് സ്കൂള്‍ സ്ഥാപിക്കുന്നത്. കുടുംബശ്രീയുടെ സാമൂഹ്യ ഇടപെടലുകളില്‍ ഏറ്റവും ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ബാലവികാസ അര്‍ബന്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്ന ബഡ്സ് സ്കൂള്‍.
പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തില്‍നിന്നു നാലുലക്ഷം രൂപയും കുടുംബശ്രീ മിഷന് മുഖേന അനുവദിക്കപ്പെടുന്ന 12 ലക്ഷം രൂപയില്‍ ആദ്യഘട്ടമായി നല്കുന്ന മൂന്നു ലക്ഷം രൂപയും ചേര്‍ത്താണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുള്ളത്. വെള്ളൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിലവിലുള്ള ഇറുമ്പയം കമ്യൂണിറ്റി ഹാളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടാണ് സ്കൂള്‍ സജ്ജമാക്കുന്നത്.
എട്ടു കുട്ടികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30 വയസുവരെ പ്രായമുള്ളവരെയാണ് ഇവിടെ പരിഗണിക്കുന്നത്. ഒരു ടീച്ചറെയും ഒരു സഹായിയെയുമാണ് ഇപ്പോള്‍ കരാടിസ്ഥാനത്തില്‍ നിയമിക്കുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷണവും സ്കൂളില്‍ എത്തിച്ചേരുന്നതിനുള്ള വാഹന സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്വയം തൊഴില്‍ സംരംഭത്തില്‍ പരിശീലനം നല്കി ഉപജീവനമാര്‍ഗം സൃഷ്ടിക്കുന്നതിനും മാനസിക വളര്‍ച്ചയ്ക്ക് തുണയേകുന്നതിനായി കുട്ടികളുടെ കലാ-കായിക പ്രവര്‍ത്തനങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നു. സെപ്റ്റംബര്‍ ആദ്യം സ്കൂള്‍ ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.