നേവിയുടെ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു; കൗതുകവും ആശങ്കയും
1583886
Thursday, August 14, 2025 7:21 AM IST
പെരുവ: കൗതുകവും ആശങ്കയുയർത്തി നേവിയുടെ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ പെരുവ മൂര്ക്കാട്ടിപ്പടിക്കു സമീപം മണ്ണെടുത്തു മാറ്റിയ മലയുടെ മുകളിലാണ് ഹെലികോപ്റ്റര്‍ പറന്നുനിന്നത്. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നുനിന്നതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകള്‍ ആശങ്കയോടെ പുറത്തിറങ്ങി നോക്കിനിന്നു.
ഹെലികോപ്റ്ററിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. നേവിയുടെ പരിശീലനപ്പറക്കലാണ് നടക്കുന്നതെന്ന വിവരം പിന്നീടാണ് ജനങ്ങള്‍ അറിയുന്നത്. അപകടങ്ങള്‍ ഉണ്ടായാല്‍ ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള പരിശീലനം നല്‍കുകയായിരുന്നു. ആള്‍ത്താമസമില്ലാത്ത സ്ഥലവും കൃഷികളില്ലാത്ത സ്ഥലവും നോക്കിയാണ് ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത്.
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതേ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നതായും പറയുന്നു.