ഡോ. വന്ദന ദാസിന്റെ പേരില്‍ ജന്മനാട്ടില് ആശുപത്രി; ഉദ്ഘാടനം 17ന്
1583885
Thursday, August 14, 2025 7:21 AM IST
കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച യുവ ഡോക്ടര്‍ വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ കടുത്തുരുത്തി മധുരവേലിയില്‍ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം 17ന് രാവിലെ 11.30ന് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടക്കും.
മധുരവേലി പ്ലാമൂട് ജംഗ്ഷനു സമീപം ലക്ഷ്മി കോംപ്ലക്സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒമ്പതു മുതലാണ് പ്രവര്‍ത്തനം. വന്ദനയുടെ പേരില്‍ തുടങ്ങുന്ന രണ്ടാമത്തെ ആതുരാലയമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ വന്ദനയുടെ പേരില്‍ നിര്‍മിച്ച മെഡിക്കല്‍ ക്ലിനിക് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവേ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് പത്തിന് പുലര്‍ച്ചെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുന്നതിനിടെയായിരുന്നു വന്ദനയുടെ മരണം.
മുട്ടുചിറയിലെ ഡോ. വന്ദന ദാസിന്റെ വസതിക്കു സമീപം മറ്റൊരു ആശുപത്രി നിര്‍മിക്കാനും രക്ഷിതാക്കള്‍ക്ക് പദ്ധതിയുണ്ട്. ഇതിനായി വന്ദനയുടെ വീട് ഉള്‍പ്പെടുത്തി ട്രസ്റ്റും രൂപവത്കരിക്കുന്നുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ വന്ദനയുടെ ആഗ്രഹമായിരുന്നെന്ന് വന്ദനയുടെ മാതാപിതാക്കൾ പറഞ്ഞു.