വൈക്കത്തെ ‘കളി’ ആകെ മാറും : വരുന്നൂ, നാലരക്കോടി ചെലവിൽ രണ്ട് സ്റ്റേഡിയങ്ങള്‍
1583884
Thursday, August 14, 2025 7:11 AM IST
വൈക്കം: വൈക്കത്തിന്റെ കായികമേഖലയ്ക്കു കരുത്താകാന്‍ നാലരക്കോടി രൂപ ചെലവിട്ടു രണ്ടു കളിക്കളങ്ങള്‍ വരുന്നു. വൈക്കം വെസ്റ്റ് വിഎച്ച്എസ്എസിലും (മടിയത്തറ സ്കൂള്‍) തെക്കേനട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് കളിക്കളങ്ങള്‍ നിര്‍മിക്കുന്നത്. 2024-25 സംസ്ഥാന ബജറ്റില്‍ അനുവദിച്ച തുകയിലാണ് സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കളം നിര്‍മിക്കുന്നത്. മടിയത്തറ സ്കൂളില്‍ രണ്ടുകോടി രൂപയും തെക്കേനട സ്കൂളില്‍ രണ്ടരക്കോടി രൂപയും ചെലവിട്ടാണ് കളിക്കളങ്ങള്‍ നിര്‍മിക്കുന്നത്.
രണ്ടിടത്തും ഫുട്ബോള്‍, വോളിബോള്‍ കോര്‍ട്ടുകളാണ് നിര്‍മിക്കുന്നത്. വോളിബോള്‍ കോര്‍ട്ടുകള്‍ക്കു ഷീറ്റ് മേല്‍ക്കൂരയുണ്ടാകും. ഇതില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള സൗകര്യവും ഒരുക്കും. രണ്ടിടത്തും ശുചിമുറി ബ്ലോക്കും വസ്ത്രം മാറാനുള്ള മുറികളും ഒരുക്കും.
60 മീറ്റര്‍ നീളത്തിലും 40 മീറ്റര്‍ വീതിയിലുമാണ് ഫുട്ബോള്‍ കോര്‍ട്ട് ഒരുക്കുന്നത്. ഫുട്ബോള്‍ ഗ്രൗണ്ടിനു ചുറ്റിലും എട്ടു മീറ്റര്‍ ഉയരത്തില്‍ വേലിയും ഒപ്പം നടപ്പാതയും ഉണ്ടാവും. ഒരു വശത്ത് ഡ്രെയിനേജ് സംവിധാനവും ഒരുക്കും. ഔട്ട് ഡോര്‍ വോളിബോള്‍ കോര്‍ട്ട് 25 മീറ്റര്‍ നീളത്തിലും 18 മീറ്റര്‍ വീതിയിലുമാണ് നിര്‍മിക്കുന്നത്. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യം നിര്‍മാണം പൂര്‍ത്തിയായ കളിക്കളം വൈക്കത്താണ്.
ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്ത് ഒരു കോടി രൂപയില്‍ ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്തിരുന്നു. വെള്ളൂര്‍ പഞ്ചായത്തിലെ പെരുന്തട്ട് സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതോടെ വൈക്കത്ത് ഉന്നതനിലവാരത്തിലുള്ള നാലു കളിക്കളങ്ങളാകുമെന്നും കായികമേഖലയുടെ വികസനത്തിന് ഇവ മുതല്‍ക്കൂട്ടാകുമെന്നും സി.കെ. ആശ എംഎല്‍എ പറഞ്ഞു.
നിര്‍മാണോദ്ഘാടനം ഇന്ന്
കോട്ടയം: നാലരക്കോടി രൂപ ചെലവിട്ടു വൈക്കം നിയോജകമണ്ഡലത്തില്‍ രണ്ടു സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍മിക്കുന്ന കളിക്കളങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിക്കും. തെക്കേനട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 10.30നും ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 11.30നുമാണ് ഉദ്ഘാടനം. സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വൈക്കം നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്‍പേഴ്സണ്‍ പി.ടി. സുഭാഷ്, നഗരസഭാംഗങ്ങളായ ലേഖ ശ്രീകുമാര്‍, രാധിക ശ്യാം, ബി. രാജശേഖരന് നായര്‍, ഡിഇഒ സിനി സുബ്രഹ്മണ്യന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വര്‍ഗീസ് ഗുരുക്കള്‍, സെക്രട്ടറി മായാദേവി എന്നിവര്‍ പങ്കെടുക്കും.